പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി; തോല്‍വിക്ക് ഇടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കും

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനിടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായുള്ള വിധിയെഴുത്തും സംസ്ഥാനത്ത് ഉണ്ടാവാറുണ്ട്. കോണ്‍ഗ്രസിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു. ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയര്‍ത്തിയെടുക്കുന്നതിന് എല്‍ഡിഎഫിന്റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇടയാക്കിയത്. അതിന്റെ ഫലമായാണ് ബിജെപിക്കെതിരായ ജനവിധി കേരളത്തിലുണ്ടായത്.

ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാന്‍ ഇടയാക്കിയത് എല്‍ഡിഎഫിന്റെ ഈ രാഷ്ട്രീയ നിലപാടുകളാണ്. ബിജെപി സര്‍ക്കാരിനെതിരായുള്ള കേരള ജനതയുടെ എതിര്‍പ്പ് കോണ്‍ഗ്രസിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായത്. ഇതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് മുന്നോട്ടുപോകും.

ബിജെപിക്കെതിരായുള്ള വികാരം കോണ്‍ഗ്രസിന് അനുകൂലമായി മാറിയതിന്റെ കാരണങ്ങളെക്കുറിച്ചും വിശദമായി വിലയിരുത്തുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News