രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച ?; അമിത് ഷാ ആഭ്യന്തര മന്ത്രിയായി കേന്ദ്രമന്ത്രിസഭയിലെത്തിയേക്കും

രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയചയുണ്ടായേക്കും. എന്‍ഡിഎ യോഗം ചേര്‍ന്ന് ഉടന്‍ രാഷ്ടപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും.

അമിത് ഷാ ആഭ്യന്തര മന്ത്രിയായി കേന്ദ്രമന്ത്രിസഭയിലെത്തിയേക്കും. രാജ്‌നാഥ് സിംഗ്, സുഷ്മ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കില്ല.

തെരഞ്ഞെടുപ്പ് വിജയമെന്ന പ്രധാന കടമ്പ കടന്നിരിക്കുന്നു. ഇനി രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. നേര്‍ത്ത ഭൂരിപക്ഷമാണ് ലഭിക്കുന്നതെങ്കില്‍ പ്രതിപക്ഷത്തിന് കൂടിയാലോചനകള്‍ക്ക് പോലും സമയം നല്‍കാതെ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സജ്ജമായിരുന്നു ബിജെപി.

ഞായറാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. ഇന്നോ നാളെയോ എന്‍ഡിഎ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി രാഷ്ട്രപതിയെ കണ്ടേക്കും.

ആരൊക്കെ മന്ത്രിമാരാകണം എന്നതില്‍ ഫലം വന്ന ദിവസം തന്നെ മോദിയും അമിത് ഷായും എകദേശ രൂപരേഖ തയ്യാറാക്കിയതായാണ് വിവരം.

ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങളുടെ എണ്ണവും വകുപ്പും ചര്‍ച്ചയായി. ജെഡിയുവിനും ശിവസേനയ്ക്കും പ്രധാന വകുപ്പുകള്‍ നല്‍കും.

5 വര്‍ഷം പാര്‍ട്ടി സംഘടനാ സംവിധാനം നിയന്ത്രിച്ച അമിത് ഷാ ഭരണരംഗത്തേക്ക് ചുവടുറപ്പിച്ചേക്കും. ആഭ്യന്തരവകുപ്പ് ഏറ്റെടുക്കാനാണ് സാധ്യത.

പകരം നിര്‍മ്മല സീതാരാമനെ പാര്‍ട്ടി അധ്യക്ഷയാക്കുന്നത് ആലോചനയിലുണ്ട്. അമിത് ഷാ ആഭ്യന്തരവകുപ്പ് ഏറ്റെടുത്താല്‍ വകുപ്പ് കൈകാര്യം ചെയ്ത രാജ്‌നാഥ് സിംഗ് തഴയപ്പെടുന്ന സാഹചര്യമുണ്ടാകും.

ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ മന്ത്രിസഭയിലുണ്ടാകാന്‍ സാധ്യത കുറവാണ്.

അരുണ്‍ ജയ്റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയല്‍ ധനമന്ത്രിയായേക്കും. അതേസമയം അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് മന്ത്രിസഭയില്‍ കാര്യമായ പരിഗണന ലഭിക്കും.

ബിജെപി കരുത്ത് കാട്ടിയ ഒഡീഷയില്‍ നിന്നും ബംഗാളില്‍ നിന്നും ഇക്കുറി കൂടുതല്‍ കേന്ദ്രമന്ത്രിമാരുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News