ശബരിമല വിഷയം പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായില്ല; പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്

ശബരിമലയുടെ പേരുപറഞ്ഞ് വോട്ട് തേടിയിറങ്ങിയ ബിജെപിയിലെ കെ സുരേന്ദ്രനെ ജനം കൈയൊഴിഞ്ഞു. പത്തനംതിട്ട മണ്ഡലത്തിൽ മൂന്നാം സ്ഥാനം കൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടിവന്നു. ശബരിമലയൂടെ പേരിൽ പത്തനംതിട്ട മണ്ഡലം പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവുമായാണ് സുരേന്ദ്രൻ മത്സരരംഗത്ത് എത്തിയത്. ശബരിമല വീണുകിട്ടിയ സൗഭാഗ്യമെന്ന നിലയിലായിരുന്നു ബിജെപി മുതലെടുപ്പിന് ചാടിവീണത്. എക്സിറ്റ് പോളുകളിൽ ഉൾപ്പെടെ സുരേന്ദ്രന്റെ വിജയം പ്രവചിച്ചിരുന്നു. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് തിരിച്ചറിഞ്ഞ വോട്ടർമാർ ബിജെപിയുടെ മോഹങ്ങൾ പിച്ചിച്ചീന്തി.

ശബരിമലയിൽ നടത്തിയ അക്രമങ്ങളുടെ പേരിൽ അറസ്റ്റിലായ സുരേന്ദ്രൻ വീരപരിവേഷമണിഞ്ഞ് വിശ്വാസികൾക്കിടയിൽ സഹതാപം സൃഷ്ടിച്ച് വോട്ട് നേടാനായിരുന്നു ശ്രമം. എൻഎസ്എസിന്റെയും പന്തളം കൊട്ടാരത്തിന്റെയും പിന്തുണയോടെ വിജയം ഉറപ്പിച്ചിരിക്കുകയായിരുന്നു ബിജെപിയും സംഘപരിവാറും. മാധ്യമങ്ങളുടെ പിന്തുണയോടെ ബിജെപിക്ക് വോട്ട് ഒഴുകുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്.

ഇതുവഴി 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ ഇത്തവണ 1,56,673 വോട്ട് കൂടുതൽ നേടി. 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ബിജെപി നേടിയതിനേക്കാൾ 107053 വോട്ടാണ് ഈ പ്രാവശ്യം നേടിയത്. എന്നിട്ടും 2,95,627 വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു. പന്തളം കൊട്ടാരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന അടൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജാണ് മുന്നിട്ട് നിൽക്കുന്നത്.

ഈ തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന ഘടകമാകുമെന്ന കണക്കുകൂട്ടൽ തെറ്റിക്കുന്നതാണ് തെരഞ്ഞെടുപ്പ‌് ഫലം. യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് ശേഷം യുദ്ധസമാനമായ സാഹചര്യമാണ് ബിജെപിയും സംഘപരിവാർ സംഘടനകളും ശബരിമലയിൽ സൃഷ്ടിച്ചത്. സംഘർഷം സൃഷ്ടിച്ച് മുതലെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അപകടമരണം പോലും പൊലീസ് വേട്ടയെന്ന് ആരോപിച്ച് ഹർത്താൽ നടത്തി. ഏതാണ്ട് ഏഴോളം ഹർത്താൽ ശബരിമലയുടെ പേരിൽ മാത്രം നടത്തി.

ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ രഥയാത്ര നടത്തി വർഗീയവികാരം ആളിക്കത്തിച്ചു. കേന്ദ്രമന്ത്രിമാരുൾപ്പെടെ ശബരിമലയിലെത്തി സംഘർഷം മൂർച്ഛിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ തെരഞ്ഞെടുപ്പ് വേളയിൽ അമിത്ഷാ തന്നെ പ്രചാരണത്തിന് നേരിട്ടെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തനംതിട്ടയിലെത്തി വർഗീയവിഷം വമിക്കുന്ന പ്രചാരണം നടത്തി. ഇത്രയൊക്കെയായിട്ടും ബിജെപിയുടെയും സംഘപരിവാർ ശക്തികളുടെയും കണക്കുകൂട്ടലും പ്രതീക്ഷകളും പൊളിഞ്ഞുപോയെന്നതാണ് യാഥാർഥ്യം.

യുഡിഎഫിന് ഉണ്ടായ നേട്ടം കേന്ദ്രത്തിലെ മോഡി ഭരണത്തിന് എതിരായ വിധിയെഴുത്തായി വേണം കണക്കാക്കാൻ. മോഡിയുടെ ഭരണ ഭീകരതയ്ക്കെതിരെ ന്യൂനപക്ഷ ഏകീകരണം പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു ഇത്. കോൺഗ്രസ് ജില്ലാ നേതൃത്വം പോലും തള്ളിപ്പറഞ്ഞ ആന്റോ ആന്റണിയെ പരിക്ഷണം എന്ന നിലയിലാണ് അവസാന നിമിഷം മത്സരരംഗത്ത് എത്തിച്ചത്. പ്രതീക്ഷയറ്റുനിന്ന കോൺഗ്രസിന് തുണയായത് കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നതിന് എതിരായ ന്യൂനപക്ഷ എകീകരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel