മോദിയുടെ രാഷ‌്ട്രീയപകയ‌്ക്കെതിരെ യുഡിഎഫ‌് നിലയുറപ്പിക്കുമോ

രാജ്യമെങ്ങും തകർന്നടിഞ്ഞപ്പോൾ കേരളത്തിലെ യുഡിഎഫ‌് മേൽക്കൈ കോൺഗ്രസിന‌് പകർന്നിരിക്കുന്ന ആശ്വാസം നിസ്സാരമല്ല. പക്ഷേ, വിയർപ്പൊഴുക്കാതെ നേടിയ ഈ വിജയത്തിൽ ഊറ്റം കൊള്ളാൻ സംസ്ഥാന കോൺഗ്രസിന‌് വകയൊന്നുമില്ല. കൈനനയാതെ മീൻ പിടിക്കാൻ കഴിഞ്ഞുവെന്ന‌് മാത്രം.

ബിജെപിയെ അധികാര ഭ്രഷ‌്ടമാക്കുന്നതിന‌് കേരളത്തിന്റെ രാഷ‌്ട്രീയ മനസ്സ‌് പ്രകടിപ്പിച്ച പക്വത യുഡിഎഫിന‌് ഗുണകരമായി. യുഡിഎഫ‌്ജയം കേരളത്തിന്റെ ഭാവി രാഷ‌്ട്രീയ ദിശയിലെ ചൂണ്ടുപലകയായി കാണാനും കഴിയില്ല. എൽഡിഎഫിന്റെ രാഷ‌്ട്രീയ അടിത്തറയിൽ ചെറിയ കോട്ടം പോലും തട്ടിയിട്ടില്ലെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷന്റെ വോട്ടുവിഹിതം സംബന്ധിച്ച കണക്ക‌് ബോധ്യപ്പെടുത്തും.

ബിജെപി ഭരണത്തിന‌് അന്ത്യം കുറിക്കുക എന്നതിൽ കേന്ദ്രീകരിച്ച‌് എൽഡിഎഫ‌് നടത്തിയ പ്രചാരണത്തിന്റെ ഗുണഭോക്താക്കളായി യുഡിഎഫ‌് മാറി. സംഘപരിവാർ വിരുദ്ധവികാരം ന്യൂനപക്ഷങ്ങളിൽ ശക്തിയായി അലയടിച്ചതും യുഡിഎഫിനെ തുണച്ചു. തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ പോലും കേന്ദ്ര സർക്കാരിനോ, ബിജെപിക്കോ എതിരെ ആയുധം തിരിക്കാൻ കോൺഗ്രസ‌് തയ്യാറായില്ല. സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനും എതിരെ വൈകാരിക വിഷയങ്ങളുയർത്തി മുതലെടുപ്പ‌് നടത്താനായിരുന്നു നോക്കിയത‌്.

രാജ്യത്തെ ഭീതിദമായ അന്തരീക്ഷം അവരെ ഒട്ടും അലട്ടിയിരുന്നില്ല. ദേശീയരാഷ‌്ട്രീയ വിഷയങ്ങളിൽനിന്ന‌് കുതറി മാറി സംസ്ഥാന സർക്കാരിനെതിരെ കുന്തമുന തിരിക്കാനായിരുന്നു കോൺഗ്രസ‌് നേതാക്കളും ആവേശം കാണിച്ചത‌്. പല മണ്ഡലങ്ങളിലും രഹസ്യ നീക്കുപോക്കുകളും നടത്തി. പക്ഷേ കോൺഗ്രസിന്റെ കാപട്യം തിരിച്ചറിഞ്ഞിട്ടും ന്യൂനപക്ഷം മോഡി ഭയത്താൽ മറ്റെല്ലാം വിസ‌്മരിച്ച‌് യുഡിഎഫിന‌് ഒപ്പം നിന്നു. ഇതാണ‌് യുഡിഎഫ‌് വിജയത്തിന‌് പ്രധാന ചാലക ശക്തിയായത‌്.

കോൺഗ്രസ‌് നേതൃത്വത്തിൽ സർക്കാർ വരുമെന്ന‌് കേരളത്തിലെ ന്യൂനപക്ഷം തീവ്രമായി വിശ്വസിച്ചു. മോഡിയെ അധികാരത്തിൽനിന്ന‌് നിഷ‌്കാസിതനാക്കുക എന്ന ഒറ്റവികാരത്തിൽ ഉറച്ചുനിന്ന ന്യൂനപക്ഷം തങ്ങൾ വഞ്ചിക്കപ്പെട്ടൂവെന്ന യാഥാർഥ്യം തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഒരിക്കൽകൂടി കേരളത്തിൽ കോൺഗ്രസ‌് സഖ്യം വൻവിജയം നേടിയെന്നേയുള്ളൂ. ഇതുവരെ നടന്ന 17 തെരഞ്ഞെടുപ്പിൽ പതിമൂന്നിലും കോൺഗ്രസ‌് ആണ‌് മുന്നേറ്റം കാഴ‌്ചവച്ചത‌്. നാലു തവണ മാത്രമാണ‌് എൽഡിഎഫിന‌് ആധിപത്യം നേടാൻ കഴിഞ്ഞത‌്.

കേരളത്തെ എല്ലാ രീതിയിലും ശ്വാസം മുട്ടിക്കാനായിരിക്കും ഇനി മോഡിയും കൂട്ടരും ശ്രമിക്കുക. ദേശീയപാത വികസനത്തിൽ തുരങ്കം വച്ചു. രാഷ‌്ട്രീയ വൈരാഗ്യത്തിന്റെ ഇതുവരെ കാണാത്ത മുഖമായിരിക്കും മോഡി പുറത്തെടുക്കുക. കേരളത്തിനെതിരായ ഈ നീക്കത്തെ ചെറുക്കുന്നതിൽ ഇവിടെനിന്ന‌് ജയിച്ചുപോകുന്ന യുഡിഎഫ‌് എംപിമാർ എന്ത‌് നിലപാട‌് എടുക്കുമെന്നതും പ്രസക്തമാണ‌്. കേരളത്തിനെതിരായ മോഡിയുടെയും ബിജെപിയുടെയും മുഷ‌്ക‌് ചെറുക്കാനുള്ള കെൽപ്പ‌് ഇവർ പ്രകടിപ്പിക്കുമോ എന്നതാണ‌് ഉയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News