കോഴിക്കോട്: വടകരയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ച് നല്‍കിയതായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. 50,000 ലധികം വോട്ടുകളാണ് മറിഞ്ഞത്.

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ തോല്‍പിക്കാന്‍ കോലിബി സഖ്യം രൂപീകരിച്ചതായി നേരത്തെ തന്നെ സിപിഐഎം ആരോപിച്ചിരുന്നു. ഈ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

വടകരയില്‍ ബിജെപി വോട്ടുകള്‍ വ്യാപകമായി യുഡിഎഫിന് ലഭിച്ചു. 50,000 ലധികം വോട്ടുകളാണ് ബിജെപി മറിച്ചത്. എസ്ഡിപിഐയും യുഡിഎഫിന് വോട്ട് നല്‍കിയതായി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം, ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചതായി വടകരയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സജീവന്‍ സമ്മതിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്നും സജീവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.