രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ കോണ്‍ഗ്രസിന് ജീവ വായു ആയപ്പോള്‍, ദേശീയതലത്തിലത് പാര്‍ട്ടിയുടെ വാട്ടര്‍ലൂവായി; ബിജെപി ഉത്തരേന്ത്യയില്‍ സൃഷ്ടിച്ചത് രാഹുല്‍ പാക്കിസ്ഥാനില്‍ മത്സരിക്കുന്നുവെന്ന പ്രതീതി

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ കോണ്‍ഗ്രസിന് ജീവ വായു ആയപ്പോള്‍ രാജ്യത്ത് അത് പാര്‍ട്ടിയുടെ വാട്ടര്‍ലൂവായി.

കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് വലിയ പ്രചാരണായുധമാക്കി ബിജെപി ഉത്തരേന്ത്യയില്‍ വിജയം കൊയ്തു.

ബിജെപിയിതര പാര്‍ട്ടികളുടെ വോട്ടു ഭിന്നിപ്പിക്കില്ലെന്നും മതേതര ചേരി ശക്തിപ്പെടുത്താന്‍ എന്തു വിട്ടു വീഴ്ചക്കും തയ്യാറാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഊണിലും ഉറക്കത്തിലും ആവര്‍ത്തിക്കുന്ന കാര്യമാണ്.

എന്നാല്‍ സ്വന്തം ജയത്തിന്റെ കാര്യം വന്നപ്പോഴും കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഉന്നം വെച്ചും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ജീവവായു ആയെങ്കിലും രാജ്യത്താകമാകമാനം തിരിച്ചടിക്ക് കാരണമായി.

രാഹുല്‍ ഗാന്ധി പാക്കിസ്ഥാനില്‍ മത്സരിക്കുന്നുവെന്ന പ്രതീതിയാണ് ബിജെപി ഉത്തരേന്ത്യയില്‍ സൃഷ്ടിച്ചത്. ലീഗിന്റെ പച്ചക്കൊടി അവിടെ പാക്കിസ്ഥാന്‍ പതാകയായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ്.

ഈ വാദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനായില്ല. അത് പാക്കിസ്ഥാനല്ലെന്നും പച്ചക്കൊടി മുസ്ലീംലീഗിന്റെയാണെന്നും പറയാനുളള ആര്‍ജവം രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ കാട്ടിയതുമില്ല.

രാഹുല്‍ ഗാന്ധിയുടെ അമേത്തിയിലെ തോല്‍വിക്ക് മാത്രമല്ല, ഹൈന്ദവ ബിംബങ്ങളാല്‍ പ്രചാരണ മുഖരിതമായ ഉത്തരേന്ത്യയിലെ വലിയ പരാജയത്തിനും ഇത് കാരണമായി.കോണ്‍ഗ്രസിനെ സഖ്യകക്ഷികള്‍ തന്നെ സംശയിക്കുന്ന നിലയിലേക്കും കാര്യങ്ങള്‍ വളര്‍ന്നു.

കേരളത്തിലെ 20 സീറ്റ് ഉന്നംവെച്ച് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നടത്തിയ ചൂതാട്ടം വാസ്തവത്തില്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ 17 സംസ്ഥാനങ്ങളില്‍ നിന്ന് നിഷ്‌കാസനം ചെയ്യുന്നതിന് കാരണമായി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസ് കുതിക്കുമെന്ന ന്യായീകരണവാദവും തെറ്റെന്നു തെളിഞ്ഞു. തൊട്ടടുത്തുളള കര്‍ണാടകയില്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് ചുമതലയുളള ആന്ധ്രയില്‍ കോണ്‍ഗ്രസ് പച്ചതൊട്ടില്ല.

മുഖ്യപ്രതിപക്ഷമായ തെലങ്കാനയില്‍ മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. ഡിഎംകെ തരംഗത്തില്‍ തമിഴ്‌നാട്ടില്‍ 8 സീറ്റ് കിട്ടിയത് മാത്രമാണ് ആശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News