വ്യാജ രേഖാ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ വിമര്‍ശിക്കുന്ന സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു

വ്യാജ രേഖാ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ വിമര്‍ശിക്കുന്ന സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു.എറണാകുളം അങ്കമാലി അതിരൂപതക്ക് കീ‍ഴിലെ പള്ളികളിലാണ് സര്‍ക്കുലര്‍ വായിച്ചത്.

വൈദികരെ പ്രതിസ്ഥാനത്ത് നിന്ന് നീക്കാന്‍വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കര്‍ദിനാള്‍ വാക്ക് നല്‍കിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് അതിരൂപത വികാരി ജനറാള്‍ തയ്യാറാക്കിയ സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു.

സീറോ മലബാര്‍ സഭയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്‍റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍. സഭാധ്യക്ഷനെ വിമര്‍ശിച്ചുകൊണ്ട് വികാരി ജനറാല്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ അതിരൂപതക്ക് കീ‍ഴിലെ പള്ളികളില്‍, കുര്‍ബാന മധ്യേയാണ് വായിച്ചത്.

സഭയിലെ ഒരു വൈദികനും വ്യാജ രേഖ ഉണ്ടാക്കിയിട്ടില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.സഭയിലെ ചില മെത്രാന്‍മാരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖ അതിരൂപതാംഗമായ യുവാവ് അയാളുടെ ജോലിക്കിടയില്‍ കണ്ടെത്തിയെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.

ഇത് അതീവ രഹസ്യമായാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൈമാറിയത്. എന്നിട്ടും രേഖ കൈമാറിയ ഫാ.പോള്‍ തേലക്കാട്ടിനെയും ബിഷപ്പ് ജേക്കബ്ബ് മനത്തോട്ടത്തിനെയും പ്രതികളാക്കി കേസെടുത്തു.

ഇരുവരെയും പ്രതിസ്ഥാനത്തു നിന്ന് ഒ‍ഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് കര്‍ദ്ദിനാള്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല. ഈ രേഖ വ്യാജമാണെന്ന് മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ഇത് കണ്ടെത്തിയ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വികാരി ജനറല്‍ ആരോപിക്കുന്നു. കേസന്വേഷണം ശരിയായ ദിശയിലല്ല.

ജുഡിഷ്യല്‍ അന്വേഷണത്തിലുടെ മാത്രമെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ കഴിയു എന്നും പള്ളികളിൽ വായിച്ച സര്‍ക്കുലറില്‍ പറയുന്നു.കര്‍ദിനാളിനെ കുറ്റപ്പെടുത്തി പള്ളികളില്‍ വായിച്ച സര്‍ക്കുലറിനെതിരെ ഇതിനകം പ്രതിഷേധം ഉയര്‍ന്നു ക‍ഴിഞ്ഞിട്ടുണ്ട്. ക‍ഴിഞ്ഞ ദിവസം ഒരു വിഭാഗം സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News