തിരിച്ചടി മറന്ന് മഹാസഖ്യം തുടരാന്‍ എസ് പിയും ബി എസ് പിയും; 11 നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്ത പരീക്ഷണം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും എസ്പി-ബിഎസ്പി മഹാഗഡ്ബന്ധന്‍ തുടരാന്‍ അഖിലേഷ് യാദവ്-മായാവതി ധാരണ. വൈകാതെ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും

സഖ്യം തുടരുമെന്ന് ഇരുനേതാക്കളുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 11 സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇത്രയും സീറ്റുകളിലേക്ക് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മുന്‍കാല ഉപതെരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലത്തിലടക്കം വന്‍ കുതിപ്പ് നടത്തിയ സഖ്യത്തിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തിന് മുന്നില്‍ നേട്ടമുണ്ടാക്കാനായിരുന്നില്ല. 38 സീറ്റില്‍ വീതം മത്സരിച്ചെങ്കിലും എസ് പി ക്ക് അഞ്ച് സീറ്റിലും മായാവതിക്ക് 10 സീറ്റിലുമാണ് വിജയം നേടാനായത്. 2014ല്‍ യു പിയില്‍ നിന്ന് ഒരാളെപ്പോലും

ലോക്സഭയിലെത്തിക്കാന്‍ ക‍ഴിയാതിരുന്ന മായാവതിക്കായിരുന്നു ഈ സഖ്യം ഗുണം ചെയ്തത്. അതേസയമം അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് അടക്കമുള്ളവരുടെ പരാജയം എസ്പിക്ക് തിരിച്ചടിയായി.

2022ല്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരാനാണ് അഖിലേഷിന്‍റെയും മായാവതിയുടെയും തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. എസ്പിയുമായുള്ള സഖ്യം തുടരുമെന്ന് ക‍ഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകരുമായി നടന്ന കൂടിക്കാഴ്ചയില്‍ മായാവതി വ്യക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് ഫലം മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി.

ദില്ലിയില്‍ നിയുക്ത എം പിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്ന മായാവതി അടുത്ത ദിവസങ്ങളില്‍ തന്നെ എസ് പി നേതാക്കളുമായും കൂടിക്കാ‍ഴ്ച നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News