മോദിയെ പ്രകീർത്തിച്ച് എ പി അബ്ദുള്ളക്കുട്ടി

നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് കോൺഗ്രസ്സ് നേതാവും മുൻ എം എൽ എ യുമായ എ പി അബ്ദുള്ളക്കുട്ടി. മോദിയുടെ വികസന അജണ്ടയ്ക്കും ഭരണതന്ത്രജ്ഞതയ്ക്കും ലഭിച്ച അംഗീകാരമാണ് ബി ജെ പി യുടെ തിരഞ്ഞെടുപ്പ് വിജയമെന്ന് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. ഭരണത്തിൽ മോദി ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തി പിടിച്ചുവെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മോദി സ്തുതിയിൽ സംഘപരിവാർ നേതാക്കളെ കടത്തി വെട്ടിയിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് എ പി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദി ജനകോടികളുടെ പ്രിയങ്കരനായി മാറിയത് ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടുള്ള വികസന നയം കൊണ്ടാണെന്നാണ് എ പി അബ്ദുള്ളക്കുട്ടിയുടെ നിരീക്ഷണം.

ഒരു നയം ആവിഷ്കരിക്കുമ്പോൾ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മ വരണമെന്ന മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാടാണ് മോഡി പിന്തുടർന്നത്. സ്വച്ച ഭാരത് പദ്ധതിയിൽ ടോയ്ലറ്റ് നൽകിയത് 6 കോടി കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി നൽകിയതും വൻ നേട്ടമാണെന്ന് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.

ബുള്ളറ്റ് ട്രെയിൻ ,സ്മാർട്ട് സിറ്റി തുടങ്ങിയവ സ്വപ്ന പദ്ധതികളാണ് എന്ന് തുടങ്ങി മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ചു നിൽക്കുന്നതായി അബ്ദുള്ളക്കുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

സ്വന്തം പാർട്ടിയായ കോൺഗ്രസിനെതിരായ വിമർശനവും അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിലുണ്ട്.പ്രതിപക്ഷം ശൈലി മാറ്റണമെന്നാണ് ഉപദേശം.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങളുടെ പുരോഗതിക്ക് കൈകോർത്ത് നിൽക്കുന്ന സമീപനം വേണമെന്നാണ് അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here