പോലീസുകാരന്റെ കഥ പറഞ്ഞ് ഏകാംഗ നാടകം

പോലീസുകാരന്റെ കഥ പറഞ്ഞ് ഏകാംഗ നാടകം. കാസർകോട് പൊയ്നാച്ചിപ്പറമ്പ് സ്വദേശി കെ പി ജയമോഹനാണ് ‘പോലീസ്’ എന്ന് പേരിൽ നാടകം അവതരിപ്പിച്ചത്. കോഴിക്കോട് നടന്ന ജില്ലാ പോലീസ് അസോസിയേഷൻ യാത്രയയപ്പ് വേദിയിൽ നാടകം അരങ്ങേറി.

തുടർച്ചയായി ജോലി ചെയ്യുന്ന പോലീസുകാരന്റെ ആത്മസംഘർഷങ്ങളാണ് പോലീസ് പറയുന്നത്. വീട്ടിലെ അത്യാവശ്യങ്ങൾക്കോ കൂട്ടുകാരന്റെ മരണച്ചടങ്ങിനോ എത്തിച്ചേരാൻ കഴിയാതെ ജോലി നോക്കുന്ന പോലീസുകാരനായാണ് നാടകത്തിൽ ജയമോഹന്റെ വേഷം.

അരമണിക്കൂർ ദൈർഘ്യമുള്ള ഏകാംഗ നാടകത്തിൽ വെളിച്ചമോ കർട്ടനുകളോ ഉപയോഗിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. പോലീസ് സുഹൃത്തുക്കളുടെ അനുഭവ കഥകളിൽ നിന്നാണ് ആശയം രൂപപ്പെട്ടതെന്ന് കെ പി ജയമോഹൻ പറഞ്ഞു.

കെ പി ജയമോഹൻ തന്നെ രചന നിർവ്വഹിച്ച നാടകം ഗോപി കുറ്റിക്കോലിന്റെ സംവിധാനത്തിലാണ് അരങ്ങിലെത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും അടക്കമുള്ള സിനിമകളിൽ സംവിധാന സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട് ജയമോഹൻ. നാടക രംഗത്ത് സജീവമായ ജയമോഹൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടനുള്ള പുരസ്ക്കാരവും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here