പൊന്നാനിയിലെ ഹൗറ മോഡൽ കടൽപ്പാലം; കൺസൾട്ടൻസി കരാർ ഉടൻ ഒപ്പുവെക്കും

മലപ്പുറം: പൊന്നാനിയിൽ 236 കോടി രൂപ ചെലവിൽ പൊന്നാനിയിൽ നിർമിക്കുന്ന കൊൽക്കത്ത ഹൗറ മോഡൽ കടൽപ്പാലത്തിന്റെ കൺസൾട്ടൻസി കരാർ ഉടൻ ഒപ്പുവെക്കും.

ആറ് കമ്പനികളിൽ നിന്ന് ഒന്നിനെയായിരിക്കും കൺസൾട്ടൻസിയായി തെരഞ്ഞെടുക്കുക. പെരുമാറ്റച്ചട്ടങ്ങൾ പിൻവലിച്ചതോടെയാണ് ഈ ആഴ്ചതന്നെ കരാറിൽ ഒപ്പുവെക്കാൻ തീരുമാനമായിട്ടുള്ളത്. ഇതോടെ നിർമ്മാണത്തിനായുള്ള ആഗോള ടെണ്ടർ വിളിക്കാനാവും.

പൊന്നാനി അഴിമുഖത്ത് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കടൽ തൂക്കുപാലത്തിന് കൺസൾട്ടന്റാകാൻ ആറ് അന്താരാഷ്ട്ര കമ്പനികളാണ് രംഗത്തുള്ളത്.

അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ലൂയിസ് ബെഗർ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കൺസൾട്ടൻസിയായ എസ് ടി യു പി കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എൽ ആന്റ് ടി ഇൻഫ്രാസ്ട്രക്ചർ എഞ്ചിനിയറിംഗ് ലിമിറ്റഡ്,

ടി പി എഫ് എഞ്ചിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സ്പെക്ട്രം ടെക്നോ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, സോഇൽ ലിമിറ്റഡ് എന്നീ കമ്പനികളാണ് ടെണ്ടറിന് അപേക്ഷിച്ചിരിക്കുന്നത്. കൂടുതൽ കമ്പനികൾ അപേക്ഷ നൽകിയിരുന്നെങ്കിലും ആറ് കമ്പനികളാണ് അർഹത നേടിയത്.

അന്താരാഷ്ട്ര തലത്തിൽ മുപ്പത് മുതൽ അമ്പത് വർഷം വരെ പ്രവൃത്തി പരിചയമുള്ള കമ്പനികളാണിത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും വിവിധ രാജ്യങ്ങളിലും ഇവർക്ക് ഓഫീസുകളുണ്ട്.

കൊൽക്കത്തയിലെ ഹൗറ പാലത്തിന്റെ മാതൃകയിലാണ് പൊന്നാനിയിലെ കടൽ പാലം ഉദ്ദേശിക്കുന്നത്. രാജ്യത്ത് കൊൽക്കത്തയിലും മുംബൈയിലുമാണ് പ്രധാന കാൽ പാലങ്ങളുള്ളത്.

റോഡ്, ജല ഗതാഗതത്തിനും ടൂറിസത്തിനും ഒരു പോലെ സഹായകമാകുന്ന തരത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. കൺസൽട്ടന്റായി തെരഞ്ഞെടുക്കുന്ന കമ്പനി തയ്യാറാക്കുന്ന ഡിസൈനിന്റെയും ഡി പി ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്ലോബൽ ടെണ്ടർ വിളിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ കമ്പനിയെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

തീരദേശ ഹൈവേയുടെ ഭാഗമായി തിരൂർ പടിഞ്ഞാറേക്കരയിൽ നിന്നും പൊന്നാനി വരെ നീളുന്ന 236 കോടി രൂപ അടങ്കൽ ചെലവു വരുന്ന ഹൗറാ മോഡൽ തൂക്കുപാലത്തിന് കിഫ്ബിയാണ് അംഗീകാരം നൽകിയത്. പദ്ധതിക്ക് ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്.

കിഫ്ബി അടങ്കൽ തുക അനുവദിക്കാൻ തീരുമാനിച്ചതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഇതിനോടനുബന്ധിച്ചുള്ള പുഴയോര പാതയായ കർമ്മ റോഡിന്റെ രണ്ടാം ഘട്ടമായ ഹാർബറിലേക്ക് നീളുന്ന പാല്തതിന്റെ ടെണ്ടറും ഒരാഴ്ചക്കകം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാലം പണിയേണ്ട സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് റവന്യു, ഹാർബർ, പോർട്ട്, ധനകാര്യ വകുപ്പുകൾ തമ്മിലുണ്ടായിരുന്ന തർക്കങ്ങൾക്ക് വ്യക്തത വരുത്തി അന്തിമ തീരുമാനമെടുക്കുന്നതിനായി ക്യാബിനറ്റിന് സമർപ്പിച്ചതായി അറിയുന്നു. ക്യാബിനറ്റിൽ തീരുമാനമെടുക്കുന്ന മുറയ്ക്ക് ആ പദ്ധതിയും യാഥാർത്ഥ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News