അജിത് കുമാറിന് ഡിവൈഎഫ്ഐ വീട് നിര്‍മ്മിച്ച് നല്‍കും

രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ച കാസർകോട് കുമ്പളയിലെ അജിത് കുമാറിന് ഡിവൈഎഫ്ഐ വീട് നിർമ്മിച്ചു
നൽകും.

ഇപ്പോൾ വാടക വീട്ടിലാണ് അജിത്ത് കുമാറിന്റെ കുടുംബം കഴിയുന്നത്. ഭവന രഹിതരായിരുന്ന നിരവധി കുടുംബങ്ങൾക്ക് ബഹുജന പങ്കാളിത്തത്തോടെ വീട് നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകിയ യുവജന നേതാവായിരുന്നു അജിത്ത് കുമാർ.

ഡിവൈഎഫ്ഐ കുമ്പള ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികെയാണ് അജിത്ത് കുമാർ പുഴയിൽ മുങ്ങി മരിക്കുന്നത്.

കർണ്ണാടകയിലെ കല്ലടുക്കയിൽ നേത്രാവതി പുഴയിലാണ് 16 കാരനായ മനീഷ് കുമാറിനൊപ്പം അജിത്ത്
കുമാറും ദുരന്തത്താനിരയായത്.

പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിത്താണ മനീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അജിത്ത് കുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബാലസംഘം പ്രവർത്തകനായിരുന്നു മരണപ്പെട്ട മനീഷ് കുമാർ.

കുടുംബാംഗങ്ങൾക്കൊപ്പം കല്ലടുക്കയിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അജിത്ത് കുമാർ.

കൂടെ വന്ന ബാലസംഘം കൂട്ടുകാർ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മനീഷ് ഉൾപ്പടെ രണ്ടു പേർ കയത്തിൽ താഴുകയായിരുന്നു.

നീന്തൽ അറിയാത്ത അജിത്ത് ഇവരെ രക്ഷിക്കാൻ പുഴയിൽ ചാടുകയായിരുന്നു. കുടിവെള്ളക്ഷാമം ഉൾപ്പടെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടയിൽ നേതൃത്വപരമായ പങ്കുവഹിച്ചു വരുമ്പോഴാണ് അജിത്ത് കുമാറിന്റെ ആകസ്മിക വേർപാട്.

ഒട്ടോറിക്ഷാ തൊഴിലാളിയായിരുന്ന അജിത്ത് കുമാർ സിപിഐ(എം) കുമ്പള ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു. കോയിപ്പാടിയിലെ തറവാട്ട് വീട്ടിൽ സ്ഥലപരിമിതികാരണം അജിത്ത് കുമാർ വാടക വീട്ടിലേക്ക് ഭാര്യയും കുട്ടികൾക്കുമൊപ്പം മാറി താമസിക്കുകയായിരുന്നു.

അജിത്ത് കുമാറിന്റെ കുടുംബത്തിന് സ്ഥലം ലഭ്യമാക്കി ഡിവൈഎഫ്ഐ വീട് നിർമ്മിച്ചു നൽകുമെന്ന് കാസർകോട് ജില്ലാ സെക്രട്ടറി സിജെ സജിത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here