ഇന്ന് സിഐടിയുവിന്റെ അമ്പതാം പിറന്നാൾ; ചൂഷണവിമുക്തവ്യവസ്ഥ സൃഷ്ടിക്കാൻ വർഗ ഐക്യവും വർഗസമരവും ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി 1970-ലാണ് സിഐടിയു രൂപംകൊണ്ടത്. എളമരം കരിം എ‍ഴുതുന്നു

ചൂഷണവിമുക്തമായ ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കാൻ വർഗഐക്യവും വർഗസമരവും ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് 1970ൽ സിഐടിയു രൂപംകൊണ്ടത്. കൊൽക്കത്തയിൽ ചേർന്ന ട്രേഡ് യൂണിയനുകളുടെ സമ്മേളനത്തിൽ, 1970 മെയ് 30 നാണ് സിഐടിയു രൂപീകരണപ്രഖ്യാപനം നടത്തിയത്. 2020 സിഐടിയു രൂപീകരണത്തിന്റെ 50–ാം വാർഷികമാണ്.

സമൂഹത്തെ എല്ലാവിധത്തിലുള്ള ചൂഷണത്തിൽനിന്നും വിമുക്തമാക്കുക
സിഐടിയു ഭരണഘടന ഇപ്രകാരം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. “”എല്ലാ ഉൽപ്പാദന ഉപാധികളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവന്ന്, ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിലൂടെ മാത്രമേ അധ്വാനിക്കുന്ന വർഗത്തിന്മേലുള്ള ചൂഷണം അവസാനിപ്പിക്കാനാകൂ.” സമൂഹത്തെ എല്ലാവിധത്തിലുള്ള ചൂഷണത്തിൽനിന്നും വിമുക്തമാക്കുക എന്നതാണ് സിഐടിയുവിന്റെ ലക്ഷ്യം. വിട്ടുവീഴ്ചയില്ലാത്ത വർഗസമരത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ. കഴിഞ്ഞ 50 വർഷത്തെ അനുഭവം സിഐടിയു നിലപാടിനെ പൂർണമായും ശരിവയ്ക്കുന്നതാണ്.

ഭരണവർഗം തങ്ങൾക്കുനേരെ അഴിച്ചുവിട്ട കടുത്ത കടന്നാക്രമണങ്ങളുടെ ഫലമായി തൊഴിലാളികളുടെ ജീവിത സാഹചര്യം ദുഷ്കരമായ സാഹചര്യത്തിലാണ് സിഐടിയു രൂപംകൊള്ളുന്നത്. അന്നത്തേക്കാൾ ദുഷ്കരമായ സാഹചര്യമാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത്. വ്യവസായത്തകർച്ച, വൻതോതിൽ തൊഴിൽ നഷ്ടപ്പെടൽ തുടങ്ങിയവയാണ് ഇന്നത്തെ യാഥാർഥ്യം. വ്യാപകമായ കരാർവൽക്കരണം, കൂട്ടായ വിലപേശലിനുള്ള അവസരം നിഷേധിക്കൽ, സാമൂഹ്യസുരക്ഷാ പദ്ധതികൾ തകർക്കൽ തുടങ്ങിയവ തൊഴിലെടുക്കുന്നവരെ ദുരിതത്തിലേക്കാണ് നയിച്ചത്. ഈ നയങ്ങൾക്കെതിരെ വ്യാപകമായ പ്രക്ഷോഭസമരങ്ങളാണ് രാജ്യവ്യാപകമായി നടന്നത്. എല്ലാമേഖലയിലുമുള്ള തൊഴിലാളികൾ ഈ സമരങ്ങളിൽ ആവേശപൂർവം അണിനിരന്നു.

രാജ്യത്താകെയുള്ള തൊഴിലാളികളെ ചൂഷകവർഗത്തിനും അവരുടെ നയങ്ങൾക്കുമെതിരെ യോജിപ്പിച്ചണിനിരത്തുക എന്നതാണ് നമ്മുടെ കടമ. തൊഴിലാളിവിരുദ്ധ നയങ്ങളെ എതിർക്കുന്നതോടൊപ്പം നയങ്ങൾക്ക് നിദാനമായ രാഷ്ട്രീയത്തെ തിരിച്ചറിയാൻ രാജ്യത്തെ പ്രാപ്തമാക്കണം. അധ്വാനിക്കുന്ന വർഗങ്ങളെ ഐക്യപ്പെടുത്തി രാജ്യവ്യാപകമായ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്നത്.

1970 ൽ രൂപംകൊണ്ട കാലംമുതൽ ഇന്ത്യയിലെ ട്രേഡ് യൂണിയനുകളുടെ ഐക്യം എന്ന ആശയത്തിലൂന്നിയായിരിക്കണം തൊഴിലാളിവർഗത്തിന്റെ പോരാട്ടമെന്ന് സിഐടിയു വ്യക്തമാക്കി. ഈ ലക്ഷ്യം മുൻനിർത്തിയാണ് എഐടിയുസി വിട്ട് സിഐടിയു രൂപീകരിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ തൊഴിലാളിവർഗത്തെ ഭിന്നിപ്പിച്ചവരാണ് സിഐടിയു എന്ന അധിക്ഷേപത്തിന് വ്യക്തമായ മറുപടിനൽകാൻ സിഐടിയുവിന് സാധിച്ചു. സിഐടിയു രൂപീകരണത്തിനുശേഷമാണ് ഇന്ത്യയിലെ വിവിധ ട്രേഡ് യൂണിയനുകളെ യോജിപ്പിച്ച് ദേശീയ പ്രക്ഷോഭങ്ങളിലേക്ക് നയിക്കാൻ സാധിച്ചത്. “ഐക്യം‐സമരം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സിഐടിയു പ്രവർത്തിച്ചത്.

സിഐടിയു രൂപീകരണശേഷം കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രിയുടെ മുൻകൈയോടെ ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ് എന്നീ ദേശീയ ട്രേഡ് യൂണിയനുകളെ യോജിപ്പിച്ച് നാഷണൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ്(എൻസിടിയു) എന്ന ഏകോപനസമിതി രൂപംകൊണ്ടു. സർക്കാർ നയങ്ങൾക്ക് പിന്തുണ നൽകാനായിരുന്നു ഈ ഏകോപനസമിതി രൂപീകരിക്കപ്പെട്ടത്. ഈ സാഹചര്യത്തിൽ സിഐടിയു മുൻകൈയെടുത്ത് മറ്റ് ട്രേഡ് യൂണിയനുകളെ യോജിപ്പിച്ച് യുണൈറ്റഡ് കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (യുസിടിയു) എന്ന ഏകോപനസമിതിക്ക് രൂപം നൽകി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സമരം നടത്തുക എന്നതായിരുന്നു യുസിടിയുവിന്റെ ലക്ഷ്യം. തൊഴിലാളികൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ യുസിടിയു നേതൃത്വത്തിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരം സർക്കാർ അനുകൂല സംഘടനകളുടെ ഭിന്നിപ്പിക്കൽ തന്ത്രത്തെ ദുർബലമാക്കി.

സിഐടിയു രൂപീകരണത്തിനുശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ സമരമായിരുന്നു 1974 ലെ റെയിൽവേ തൊഴിലാളിസമരം. 21 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ റെയിൽവേ സമരം ഇന്ന് തൊഴിലാളികൾക്ക് ആവേശം നൽകുന്നതാണ്. ഈ സമരം ഉയർത്തിക്കൊണ്ടുവരുന്നതിൽ സിഐടിയു നിർണായക പങ്കുവഹിച്ചു. ഐഎൻടിയുസി ഒഴികെയുള്ള ദേശീയ ട്രേഡ് യൂണിയനുകൾ ഈ സമരത്തിൽ അണിചേർന്നു.

1978ൽ ജനതാ പാർടി സർക്കാർ കൊണ്ടുവന്ന “വ്യവസായ ബന്ധ’ ബില്ലിനെതിരെ ഉയർത്തിക്കൊണ്ടുവന്നതാണ് ദേശീയതലത്തിൽ നടന്ന രണ്ടാമത്തെ പ്രധാന സമരം. ഈ സമരം ഉയർത്തിക്കൊണ്ടുവരുന്നതിലും സിഐടിയു പ്രമുഖ പങ്കുവഹിച്ചു. വിവാദ ബിൽ പാസാക്കാതെ മാറ്റിവയ്ക്കാൻ അന്നത്തെ സർക്കാർ നിർബന്ധിതമായി. ഇതിനുശേഷമാണ് ഐഎൻടിയുസി ഒഴികെയുള്ള ദേശീയ ട്രേഡ് യൂണിയനുകൾ ചേർന്ന് “നാഷണൽ കാമ്പയിൻ കമ്മിറ്റി ഓഫ് ട്രേഡ് യൂണിയൻസ്’ എന്ന ഐക്യവേദി രൂപംകൊണ്ടത്.

മൂന്നാമതായി രാജ്യത്ത് നടന്ന ശ്രദ്ധേയമായ ദേശീയ സമരം 1982 ജനുവരി 19 നാണ്. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രശ്നങ്ങൾകൂടി ഉയർത്തി ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് വൻ വിജയമായി മാറി. ഈ സമരത്തിനുനേരെ വലിയ തോതിലുള്ള അടിച്ചമർത്തലുണ്ടായി. പൊലീസ് വെടിവയ്പ്പിൽ കർഷകത്തൊഴിലാളികളുൾപ്പെടെ 10 തൊഴിലാളികൾ രക്തസാക്ഷികളായി.

ഇന്ത്യൻ തൊഴിലാളിവർഗം നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളുടെ പാരമ്പര്യം

1991ൽ ആരംഭിച്ച ആഗോളവൽക്കരണ നയത്തിന്റെ ഭാഗമായി പൊതുമേഖല തകർക്കാനുള്ള നീക്കം കോൺഗ്രസ് സർക്കാർ ആരംഭിച്ചു. അതിനെതിരെ പൊതുമേഖലാ തൊഴിലാളികളുടെ ഐക്യവേദി ‐ സിപിഎസ്ടിയു‐ രൂപീകരിക്കാൻ മുൻകൈയെടുത്തത് സിഐടിയു ആണ്. ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളെ കൂട്ടിച്ചേർത്ത് യോജിച്ച സമരങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. “സ്പോൺസറിങ് കമ്മിറ്റി ഓഫ് ട്രേഡ് യൂണിയൻസ്’ എന്ന ഏകോപനസമിതിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു‐ദേശീയ പണിമുടക്കുകൾ സംഘടിപ്പിച്ചു.
2009ൽ ഐഎൻടിയുസി, ബിഎംഎസ് ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ എല്ലാം ചേർന്ന് രൂപീകരിച്ച ഐക്യവേദിയുടെ നേതൃത്വത്തിൽ മൂന്ന് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുകയുണ്ടായി. 2013ൽ 48 മണിക്കൂർ പണിമുടക്കാണ് നടത്തിയത്. 18 ദേശീയ പണിമുടക്കാണ് സംഘടിപ്പിക്കപ്പെട്ടത്. 2019 ജനുവരി 8, 9 തീയതികളിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ 20 കോടിയോളം തൊഴിലാളികളാണ് പങ്കെടുത്തത്.

കൽക്കരി, എണ്ണ, സ്റ്റീൽ, തോട്ടം, മോട്ടോർ തുടങ്ങിയ മേഖലകളിൽ നിരവധി സമരങ്ങൾ സിഐടിയു നേതൃത്വത്തിൽ ഉയർത്തിക്കൊണ്ടുവന്നു.യോജിച്ച സമരങ്ങൾ സംഘടിപ്പിക്കാൻ പരിശ്രമിക്കുമ്പോൾതന്നെ ചില സുപ്രധാന പ്രശ്നങ്ങളിൽ ഒറ്റയ്ക്ക് സമരം ഉയർത്താൻ സിഐടിയു മടികാണിച്ചിട്ടില്ല. പിഎഫ് പെൻഷൻ പദ്ധതി നടപ്പാക്കുമ്പോൾ അതിലെ അപാകത സംബന്ധിച്ച കാര്യങ്ങൾ സിഐടിയു ഒറ്റയ്ക്കാണ് ഉന്നയിച്ചത്.

തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉയർത്തി പ്രക്ഷോഭം ഉയർത്തുമ്പോൾതന്നെ അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെ ‐ കൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ ഉയർത്തിയും സിഐടിയു പ്രക്ഷോഭം ഉയർത്തി. 2018 സെപ്തംബർ അഞ്ചിന് ഡൽഹിയിൽ സംഘടിപ്പിച്ച തൊഴിലാളി‐കർഷക പാർലമെന്റ് മാർച്ച് അത്തരമൊരു പ്രക്ഷോഭമായിരുന്നു.

തൊഴിലെടുക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കുന്നതിന് സിഐടിയു പ്രത്യേക ശ്രദ്ധ ചെലുത്തി. തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്നം ഉയർത്തി നിരവധി പ്രക്ഷോഭങ്ങളും ഈ കാലയളവിൽ ഉയർത്തുകയുണ്ടായി. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നം ഉയർത്തിക്കൊണ്ടുവരുന്നതിലും സിഐടിയു ആണ് മുഖ്യ പങ്കുവഹിച്ചത്. സിഐടിയുവിന്റെ അംഗസംഖ്യയിൽ 70 ശതമാനവും അസംഘടിത മേഖലാ തൊഴിലാളികളാണ്.

1920ൽ ഇന്ത്യയിൽ ആദ്യത്തെ ദേശീയ ട്രേഡ് യൂണിയൻ രൂപം കൊണ്ടതിനുശേഷം ദേശീയ സ്വാതന്ത്ര്യത്തിനുള്ള സമരത്തിലും സ്വതന്ത്ര ഭാരതത്തിലെ ഭരണവർഗങ്ങൾക്കെതിരായും ഇന്ത്യൻ തൊഴിലാളിവർഗം നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് സിഐടിയു പ്രവർത്തിച്ചത്. 50 വർഷത്തെ ജ്വലിക്കുന്ന സമരങ്ങൾ നൽകുന്ന ആവേശം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ സിഐടിയുവിനെ പ്രാപ്തമാക്കും. കൂടുതൽ കരുത്തുറ്റ ട്രേഡ് യൂണിയനായി വളരുക എന്ന ലക്ഷ്യത്തിലേക്ക് സിഐടിയു മുന്നേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News