സ്‌മൃതി ഇറാനിയുടെ അനുയായിയെ കൊന്നത്‌ ബിജെപി പ്രവര്‍ത്തകർ; കൊലയ്ക്ക് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യം

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയെ കൊന്നത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയെന്ന് തെളിഞ്ഞു. സുരേന്ദ്ര സിങിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രാദേശിക തലത്തില്‍ ബിജെപിക്കുള്ളിലെ കുടിപ്പകയെന്ന് യുപി ഡിജിപി വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി ഏറെ രാഷ്്ട്രീയ ആയുധമാക്കിയതാണ് സ്മൃതി ഇറാനിയുടെ അടുത്ത അനുയായി സുരേന്ദ്ര സിംഗിന്റെ കൊലപാതകം. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ബിജെപി തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. പാദേശിക തലത്തില്‍ ബിജെപിക്കുള്ളിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് യുപി ഡിജിപി വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു. എല്ലാ തെളിവുകളും വ്യക്തമാക്കുന്നത് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് പേര്‍ക്കും ഇരയുമായി പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നാണെന്നും സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു.

രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ പ്രതികളില്‍ ഒരാളും കൊല്ലപ്പെട്ടയാളും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. പ്രതികളിലൊരാള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിങ് മറ്റൊരാളെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്.

ഇതാണ് വൈരാഗ്യത്തിന് കാരണം.കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍വെച്ചായിരുന്നു സുരേന്ദ്ര സിങിന് വെടിയേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here