മുംബൈയിലെ യുവ ഡോക്ടറുടെ മരണം കൊലപാതകമെന്ന് അഭിഭാഷകൻ

മുംബൈയിലെ നായർ ഹോസ്പിറ്റലിലെ റസിഡന്റ് ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായ പായല്‍ തഡ്‌വിയുടെ മരണം കൊലപാതകമാണെന്ന വാദവുമായി അഭിഭാഷകന്‍ രംഗത്ത്. പ്രതികളായ സഹപ്രവർത്തകർ പായലിനെ മറ്റെവിടെയോ വച്ചാണ് കൊലപ്പെടുത്തിയതെന്നും മരണം ഉറപ്പാക്കിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. പായലിന്റെ മരണം ആത്മഹത്യയല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പായലിന്റെ കുടുംബത്തിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ നിതിൻ സല്യൂട്ട് കോടതിയെ ബോധ്യപ്പെടുത്തി.

ശരീരത്തിലെ നീലനിറവും മരണപ്പെടാനുണ്ടായ സാഹചര്യവും വിരൽ ചൂണ്ടുന്നത് കൊലപാതകമാകാനുള്ള സാധ്യതയാണെന്നും സല്യൂട്ട് പറഞ്ഞു. എന്നാൽ പായലിന്റെ മൃതദേഹം കണ്ടെത്തിയ മുറി അകത്തുനിന്നും പൂട്ടിയിരുന്നെന്നും ഇത്തരം ആരോപണം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. പായലിന്റെ കഴുത്തില്‍ കുരുക്കിന്റെ പാടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മെയ് 22നാണ് ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഹോസ്റ്റലില്‍ പായലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പായലിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. നിരന്തരമായ ചൂഷണവും, ജാതി പീഡനവുമാണ് രണ്ടാം വര്‍ഷ ഗൈനക്കോളജി വിഭാഗം വിദ്യാര്‍ത്ഥിനിയായ പായലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് വാദം.

സഹപ്രവർത്തകരായ ഡോ. ഹേമ അഹുജ, ഡോ. അങ്കിത ഖാണ്ടേവാല്‍, ഡോ.ഭക്തി മെഹറെ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പട്ടിക ജാതി, പട്ടിക വര്‍ഗ നിയമം, ആത്മഹത്യാ പ്രേരണ, മഹാരാഷ്ട്ര റാഗിങ് നിരോധന നിയമം,1999 തുടങ്ങിയ വകുപ്പുകളിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

സീനിയര്‍ ഡോക്ടര്‍മാര്‍ നിരന്തരം അധിക്ഷേപിക്കുമായിരുന്നുവെന്നും നിരവധി തവണ തന്റെ നിസ്സഹായാവസ്ഥ മകൾ തന്നോട് പറഞ്ഞിരുന്നുവെന്നും തട്‌വിയുടെ അമ്മ ആബിദ സല്‍മാന്‍ പറഞ്ഞു. മകള്‍ മരിക്കുന്നതിനു മുന്‍പുതന്നെ അവര്‍ പ്രതികള്‍ക്കെതിരേ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അതുണ്ടായിട്ടില്ലെന്ന് ആബിദ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News