അവസാനം കേന്ദ്രവും സമ്മതിച്ചു; തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

ന്യൂഡൽഹി: രാജ്യത്ത‌് തൊഴിലില്ലായ‌്മാ നിരക്ക‌് 45 വർഷ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക‌് കുതിച്ചെന്ന‌് സ്ഥിരീകരിക്കുന്ന റിപ്പോർട്ട‌് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ടു.

2017–-18 വർഷത്തിൽ തൊഴിലില്ലായ‌്മാ നിരക്ക‌് ആകെ തൊഴിൽശക്തിയുടെ 6.1 ശതമാനമായി ഉയർന്നുവെന്ന‌് സ്ഥിതിവിവര മന്ത്രാലയം വെള്ളിയാഴ‌്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.

മാസങ്ങൾക്ക‌ുമുമ്പുതന്നെ റിപ്പോർട്ട‌് തയ്യാറായിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. ഒരു ദേശീയ ദിനപത്രത്തിൽ റിപ്പോർട്ടിലെ വിവരങ്ങൾ വന്നെങ്കിലും അന്തിമകണക്കല്ലെന്ന നിലപാടാണ‌് മന്ത്രാലയം സ്വീകരിച്ചത‌്.

റിപ്പോർട്ട‌് പൂഴ‌്ത്തിയതിൽ പ്രതിഷേധിച്ച‌് ദേശീയ സ്ഥിതിവിവര കമീഷൻ അംഗങ്ങളായിരുന്ന മലയാളിയായ പി സി മോഹനനും ജെ വി മീനാക്ഷിയും രാജിവച്ചിരുന്നു.

രണ്ടാം മോഡി സർക്കാർ സത്യപ്രതിജ്ഞചെയ‌്ത‌് അധികാരമേറ്റതിന‌ു പിന്നാലെയാണ‌് തൊഴിലില്ലായ‌്മാ കണക്ക‌് പുറത്തുവിടാൻ മന്ത്രാലയം തയ്യാറായത‌്.

പുറത്തുവന്ന കണക്കുകൾ അതേപടി ശരിവയ‌്ക്കുന്നതാണ‌് റിപ്പോർട്ട‌്. ലോ‌ക‌്സഭാ തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് ഉന്നതങ്ങളിൽനിന്നുള്ള നിർദേശപ്രകാരം തൊഴിൽ റിപ്പോർട്ട‌് പൂഴ‌്ത്തുകയായിരുന്നു.

കണക്കുകൾ പ്രകാരം നഗരങ്ങളിലെ യുവാക്കൾക്കിടയിൽ 7.8 ശതമാനമാണ‌് തൊഴിലില്ലായ‌്മാ നിരക്ക‌്. ഗ്രാമങ്ങളിലിത‌് 5.3 ശതമാനമാണ‌്. പുരുഷന്മാർക്കിടയിൽ തൊഴിലില്ലായ‌്മാ നിരക്ക‌് 6.2 ശതമാനവും സ‌്ത്രീകൾക്കിടയിൽ‌ 5.7 ശതമാനവുമാണ‌്. മോഡി സർക്കാരിന്റെ കറൻസി പിൻവലിക്കൽ നടപടിക്ക‌ു പിന്നാലെയാണ‌് തൊഴിലില്ലായ‌്മാ നിരക്ക‌് കുതിച്ചത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here