സ്മിത്തും വാർണറും തിരിച്ചെത്തി; ‍വര്‍ദ്ധിച്ച വീര്യത്തോടെ ഓസീസ് ഇന്ന് അഫ്ഗാനെ നേരിടും

നിലവിലെ ചാമ്പ്യൻമാരായ ഓസ‌്ട്രേലിയ ഇന്ന‌് വൈകിട്ട‌് ആറിന‌് അഫ‌്ഗാനിസ‌്ഥാനെ നേരിടും. അക്ഷരാർഥത്തിൽ വമ്പൻമാരും കുഞ്ഞൻമാരും തമ്മിലുള്ള മത്സരമാണിത‌്. എന്നാൽ ഈ ലോകകപ്പിനെത്തുന്ന അഫ‌്ഗാനെ നിസാരക്കാരായി ഏറ്റവും കരുത്തരായ ഓസീസ‌് പോലും കാണുന്നില്ല.

പന്ത‌് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട‌് വിലക്ക‌് നേരിട്ട സ‌്റ്റീവൻ സ‌്മിത്തും ഡേവിഡ‌് വാർണറും തിരിച്ചെത്തിയത‌് കങ്കാരുക്കളുടെ വീര്യം കൂട്ടുന്നുണ്ട‌്. വാർണർ ഐപിഎലിൽ മികച്ച ഫോമിലായിരുന്നു. വാർണറും ഉസ‌്മാൻ ഖവാജയും ക്യാപ‌്റ്റൻ ആരോൺ ഫിഞ്ചും സ‌്മിത്തും ചേരുന്ന മുൻനിര ഏത‌് ടീമിനും അസൂയ ഉളവാക്കുന്നതാണ‌്.

പരിക്കിൽനിന്ന‌് മോചിതനായി മിച്ചൽ സ‌്റ്റാർക്ക‌് എത്തിയത‌് മറ്റൊരു പേസറായ പാറ്റ‌് കമ്മിൻസ‌ിന്റെ ഭാരം കുറയ‌്ക്കും. ആദം സാമ്പയും നതാൻ ല്യോണും ചേർന്ന‌് സ‌്പിൻ ദൗത്യവും ഏറ്റെടുക്കുന്നു. മുറിവുകൾക്കുള്ള മരുന്നായി ക്രിക്കറ്റിനെ കാണുന്ന അഫ‌്ഗാനാണ‌് എതിർവശത്ത‌്.

ലോകത്തിലെ മികച്ച മൂന്ന‌് ഓൾ റൗണ്ടർമാരിൽ രണ്ടുപേരുള്ളത‌് അ‌ഫ‌്ഗാൻ ടീമിലാണ‌്. റഷീദ‌് ഖാനും മുഹമ്മദ‌് നബിയും. ഏറ്റവും മികച്ച സ‌്പിൻ ബൗള‌ർമാരും അഫ‌്ഗാൻ നിരയിലാണുള്ളത‌്. ‌ഏകദിനത്തിലെ മികച്ച മൂന്നാമത്തെ ബൗളറാണ‌് റാഷിദ‌്. പരിചയസമ്പത്തും ആഴമുള്ളതുമായ ബാറ്റിങ‌് നിരയില്ലാത്തതാണ‌് അഫ‌്ഗാൻ നേരിടുന്ന വലിയ വെല്ലുവിളി. ഐസിസി പൂർണ അംഗത്വം നേടിക്കൊടുത്ത അസ‌്ഗർ അഫ‌്ഗാനിൽനിന്ന‌് അപ്രതീക്ഷിതമായാണ‌് ഗുലാബ‌്ദീൻ നയിബിലേക്ക‌് ക്യാപ‌്റ്റൻ സ‌്ഥാനം എത്തുന്നത‌്. പുതിയ ക്യാപ‌്റ്റന‌് കീഴിൽ എങ്ങനെ ടീം അണിനിരക്കുന്നു എന്നതും കാണേണ്ടതാണ‌്.

കഴിഞ്ഞ തവണ ആദ്യമായി ലോകകപ്പിന‌് ഇറങ്ങിയ അഫ‌്ഗാൻ 2015ൽ സ‌്കോട്ട‌്‌ലൻഡിനെ മാത്രമാണ‌് തോൽപ്പിച്ചിട്ടുള്ളത‌്. എന്നാൽ അസോസിയേറ്റ‌് രാജ്യമല്ലാതെ ഇത്തവണ എത്തുന്ന അഫ‌്ഗാൻ ഓസീസ‌ിൽനിന്ന‌് അർഹിക്കുന്ന ബഹുമാനം പിടിച്ചുവാങ്ങാൻ പോന്നവരാണ‌്. കഴിഞ്ഞ ലോകകപ്പിൽ 275 റണ്ണിനാണ്‌ ഓസീസ്‌ അഫ്‌ഗാനെ തകർത്തത്‌. ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News