അത്ര ശുദ്ധനല്ല, പ്രതാപ് ചന്ദ്ര സാരംഗി; വാര്‍ത്തയാക്കാത്തതും ജനം അറിയാത്തതുമായ മറ്റൊരു മുഖമുണ്ട് ഈ നേതാവിന്

ദില്ലി: ഓട്ടോറിക്ഷയില്‍ വോട്ട് ചോദിച്ച് കേന്ദ്ര മന്ത്രിയായതിന്റെ പേരില്‍ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ആഘോഷിക്കുകയാണ് പ്രതാപ് ചന്ദ്ര സാരംഗിയെ. സാരംഗിയുടെ മുളകൊണ്ടുണ്ടാക്കിയ വീടിന്റേയും, ഓട്ടോറിക്ഷയിലെ യാത്രയുടേയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൊണ്ടാടിയിരുന്നു.

ഇദ്ദേഹത്തിന്റെ ലാളിത്യം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, സാരംഗിയുടെ ചരിത്രം ചികഞ്ഞെടുത്തിരിക്കുകയാണ് ബിബിസി. ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും തീവ്ര ഹിന്ദുത്വശക്തികള്‍ കൊലപ്പെടുത്തിയ 1999ല്‍ ബജ്രംഗ് ദള്‍ നേതാവായിരുന്നു സാരംഗി എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര വലതുപക്ഷ സംഘടനയാണ് ബജ്രംഗ് ദള്‍.

ബജ്രംഗ്ദളാണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ ആരോപിക്കുമ്പോള്‍, ഈ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും ഒരു സംഘത്തിന് പങ്കുളളതായി തെളിവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

നീണ്ടക്കാലത്തെ വിചാരണയ്ക്ക് ഒടുവില്‍ 2003ലാണ് കേസുമായി ബന്ധപ്പെട്ട് ബജ്രംഗ്ദളുമായി ബന്ധമുളള ദാരാസിങ്ങിനെയും 12പേരെയും കോടതി ശിക്ഷിച്ചത്. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഒറീസ ഹൈക്കോടതി ഇദ്ദേഹത്തിന്റെ വധശിക്ഷ ഇളവുചെയ്തു. ഇതിന് പുറമേ മറ്റു പതിനൊന്ന് പേരുടെ ജീവപര്യന്തം ശിക്ഷയും ഇളവു ചെയ്ത് കോടതി ഇവരെ വെറുതെ വിട്ടു.

ഇന്ത്യയെ ഒന്നടങ്കം മതപരിവര്‍ത്തനം ചെയ്യാനാണ് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് സാരംഗി ഒഡീഷ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ സന്ദീപ് സാഹുവിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതായി ബിബിസി ചൂണ്ടിക്കാണിക്കുന്നു.

ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ തിന്മ ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അതിവൈകാരികമായി അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സ്റ്റെയിന്‍സിന്റെ രണ്ടു കുട്ടികളെ ആക്രമിച്ച സംഭവത്തെ സാരംഗി അപലപിക്കുകയും ചെയ്തിട്ടുണ്ട്.

മതപരിവര്‍ത്തനത്തിന് എതിരെയുളള തന്റെ നിലപാടുകള്‍ പുറംലോകത്തെ അറിയിക്കാന്‍ സാരംഗി നിരാഹാരം കിടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2002ല്‍ പൊതുമുതല്‍ നശിപ്പിക്കല്‍, കലാപം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സാരംഗിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒറീസ നിയമസഭയ്ക്ക് നേരെയുളള ബജ്രംഗ്ദളിന്റെ ആക്രമണത്തിലായിരുന്നു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here