സിപിഐഎമ്മിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുല്‍ പറയുമ്പോള്‍, ചെയ്യാനുണ്ടെന്ന് പറഞ്ഞ് കൊന്നുതള്ളാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാര്‍; ശെല്‍വരാജിന്റെ ജീവനെടുക്കാന്‍ അദ്ദേഹം ചെയ്ത തെറ്റ് എന്ത്? കെപിസിസി മറുപടി പറയണമെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഐഎമ്മിന് ഒരു ബന്ധവുമില്ലാത്ത പെരിയ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ച കോണ്‍ഗ്രസും ഡീന്‍ കുര്യാക്കോസും സെല്‍വരാജിന്റെ കൊലപാതകത്തെ എങ്ങനെയാണ് നോക്കി കാണുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരിയുടെ വാക്കുകള്‍:

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സഖാവ് ശെല്‍വരാജ് മരണമടഞ്ഞു.

സിപിഐഎം നെ കൊലപാതക പാര്‍ട്ടിയായി ചിത്രീകരിക്കാന്‍, പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലാത്ത പെരിയ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ച കോണ്‍ഗ്രസും ഇടുക്കിയില്‍ നിന്ന് ജനവിധി നേടിയ യൂത്ത് കോണ്‍ഗ്രസ് നേതാവും ഈ രാഷ്ട്രീയ കൊലപാതകത്തെ എങ്ങിനെയാണ് നോക്കി കാണുന്നത്?

പെരിയയില്‍ നിന്ന് ചിതാഭസ്മവും എടുത്ത് യാത്ര നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വന്തം മണ്ഡലത്തില്‍ കോണ്‍ഗ്രസുകാരായ സഹപ്രവര്‍ത്തകര്‍ കൊല ചെയ്ത ഈ പാവം മനുഷ്യന്റെ ചിതാഭസ്മവുമായി യാത്ര ചെയ്ത്, കോണ്‍ഗ്രസുകാരോട് രാഷ്ട്രീയ കൊലപാതകം അരുതെന്ന് പറയുമോ?

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ വിജയത്തെ തുടര്‍ന്ന് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍നിന്ന ശെല്‍വരാജിനെ റോഡരികിലെ ടൈലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് തലപിളര്‍ന്ന ശെല്‍വരാജിനെ ആദ്യം തേനി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നിലവഷളായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തില്ല. തുടര്‍ന്ന് മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും തലയ്ക്കുള്ളില്‍ രക്തമിറങ്ങി ബോധം നഷ്ടപ്പെട്ടിരുന്നു. ഒമ്പത് ദിവസം ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്തിട്ടും രക്ഷിക്കാന്‍ സാധിച്ചില്ല. ധീരനായ ആ സഖാവ് മരണത്തിന് കീഴടങ്ങി.

എന്താണ് സഖാവ് ശെല്‍വരാജിന്റെ ജീവനെടുക്കാന്‍ അദ്ദേഹം ചെയ്ത തെറ്റ്? കെ പി സി സി പ്രസിഡന്റ് മറുപടി പറയണം. എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നു.

എനിക്ക് സിപിഐ എം നെ കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുല്‍ പറയുമ്പോള്‍, ചെയ്യാനുണ്ടെന്ന് പറഞ്ഞ് കൊന്നുതള്ളാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാര്‍.

സഖാവ് ശെല്‍വരാജിന് രക്താഭിവാദ്യങ്ങള്‍.
ലാല്‍സലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here