ബാലഭാസ്‌ക്കറിന്റെ മരണം: ഭാര്യയുടെയും ഡ്രൈവറുടെയും മൊഴികളിലെ വൈരുദ്ധ്യം ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നു; ലക്ഷ്മിയില്‍ നിന്ന് വീണ്ടും മൊഴി രേഖപെടുത്തും

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണ സമയത്ത് കൂടെ ഉണ്ടായിരുന്നവരുടെ മൊഴികളിലെ വൈരുദ്ധ്യം ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നു. പരസ്പര വൈരുദ്ധ്യത്തോടെ മൊഴി നല്‍കിയത് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും, ഡ്രൈവര്‍ അര്‍ജ്ജുനും.

അപകടസമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്തക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി പ്രകാരം അപകടം ഉണ്ടാവുന്ന സമയത്ത് കാറൊടിച്ചിരുന്നത് ഡ്രൈവറായ അര്‍ജ്ജുനാണ്. എന്നാല്‍ ഡ്രൈവറായ അര്‍ജ്ജുന്‍ പറയുന്നത് അപകടം സമയത്ത് കാറോടിച്ചിരുന്നത് താനല്ലെ മറിച്ച് വയലിനിസ്റ്റ് ബാലഭാസ്‌ക്കറാണെന്നാണ്.

ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് ക്രൈംബ്രാഞ്ചിനെ കുഴക്കുന്നത്. വാഹനം ഓടിച്ചതാരെന്ന് കണ്ടെത്താന്‍ ഫോറന്‍സിക്ക് പരിശോധന ഫലം വരെ കാത്തിരിക്കേണ്ടി വരും. ഡ്രൈവര്‍ സീറ്റിലെ ഹെഡ് റെസ്റ്റിലുളള മുടിയുടെ സാമ്പിള്‍ അപകടത്തിന് തൊട്ട് പിന്നാലെ തന്നെ പോലീസ് ശേഖരിച്ചിരുന്നു.

ഇത് ആരുടെ മുടിയെന്ന് അറിയുന്നതോടെ ദുരൂഹത അകലുമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. അര്‍ജ്ജുന്റെ മുടിയുടെ സാമ്പിള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. കാറിന്റെ ഹെഡ് റെസ്റ്റില്‍ നിന്ന് ലഭിച്ച മുടിയും, അര്‍ജ്ജുന്റെ മുടിയുമായി സാമ്യം ഉണ്ടെങ്കില്‍ വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെ എന്ന നിഗമനത്തിലെത്താം. എന്നാല്‍ ലക്ഷ്മിയും, അര്‍ജ്ജുനും തങ്ങളുടെ മൊഴിയില്‍ ഉറച്ച് നിള്‍ക്കുന്നത് ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷം ഒരിക്കല്‍ കൂടി ലക്ഷ്മിയില്‍ നിന്ന് മൊഴി രേഖപെടുത്താനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.

കേസിലെ ആരോപണവിധേയരും, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്പിയേയും, വിഷ്ണുവിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും.

സാമ്പത്തിക ആരോപണങ്ങള്‍ കൂടി ഉയര്‍ന്ന കേസായതിനാല്‍ ബാലഭാസ്‌ക്കറിന്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിയാന്‍ ക്രൈംബ്രാഞ്ച് ബാങ്ക് അധികാരികള്‍ക്ക് കത്ത് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here