നിപ: തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പ് മുൻകരുതൽ പ്രവർത്തനങ്ങൾ ശക്തമാക്കി

എറണാകുളത്ത് നിപ രോഗം സംശയാസ്പദമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പ് മുൻകരുതൽ പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രാരംഭഘട്ടമായി ജില്ലാ മെഡിക്കൽ ഓഫീസിൽ ഓഫീസർമാരുടെ അടിയന്തിരയോഗം വിളിച്ചുചേർക്കുകയും പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. തൃശൂർ  ജില്ലയിൽ 50 ൽ അധികം പേർ നിപ  നിരീക്ഷണത്തിൽ ആണ്. പക്ഷെ ജില്ലയിൽ ആർക്കും നിപ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പനി ബാധിച്ചതായി കരുതുന്ന  യുവാവ് തൃശൂരില്‍ എത്തിയ സാഹചര്യത്തിലാണ് ജില്ലയിലെ മുൻകരുതൽ നടപടികൾ. യുവാവ് രണ്ട് ആഴ്ചത്തെ തൊഴിൽ പരിശീലനത്തിനായാണ് തൃശൂരെത്തിയത്.തൃശൂരെത്തുമ്പോൾ യുവാവിന് പനി ഉണ്ടായിരുന്നു.
പനി മൂർച്ഛിച്ചപ്പോൾ തൃശൂരിൽ നിന്ന് നാലാം ദിവസം യുവാവ് മടങ്ങി. യുവാവിന്‍റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാർത്ഥികൾക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല. പനിയുടെ ഉറവിടം തൃശൂരല്ലെന്നും നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന ആർക്കും തന്നെ നിപ ലക്ഷണങ്ങൾ  ഇല്ലെന്നും തൃശൂർ ഡിഎംഒ ഡോക്ടർ കെ.ജെ റീന വ്യക്തമാക്കി.
യുവാവ് തൃശൂർ എത്തിയത് മനസ്സിലാക്കിയതിന് പിന്നാലെ ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസിൽ ഡി .എം .ഒ അടക്കമുള്ള ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, തൃശൂർ ജനറൽആശുപത്രി സൂപ്രണ്ട്, മറ്റു ഡോക്ടർമാർ ,മൃഗസംരക്ഷണവകുപ്പ്, പബ്ലിക് റിലേഷൻസ് വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന യോഗം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
നിലവിൽ രോഗിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയിട്ടുള്ള എല്ലാവരുടെയും വിവരങ്ങൾശേഖരിക്കുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് ജില്ലയിൽ ആശങ്കപ്പെടേണ്ടസ്ഥിതിഗതികൾ നിലവിലില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
നിപ ലക്ഷണങ്ങളോട് കൂടിയ പനി ശ്രദ്ധയിൽ പെട്ടാൽ മെഡിക്കൽ കോളേജിലോ ജനറൽ ആശുപത്രിയിലോ ഡോക്ടറുടെ സഹായം തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അടിയന്തിര ഘട്ടത്തിൽ രോഗികളെ പാർപ്പിക്കേണ്ട സന്ദർഭം മുൻകൂട്ടി കണ്ടുകൊണ്ടു തൃശൂർ ജനറൽ ആശുപത്രിയിലും മെഡിക്കൽകോളേജിലും പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News