പടരുമെന്ന ഭയം വേണ്ട; ശ്രദ്ധിച്ചാല്‍ മതി; എല്ലാ പനിയും ചര്‍ദ്ദിയും നിപയാണെന്ന് കരുതേണ്ട, എല്ലാ പനി വരുന്നവരും ശ്രദ്ധിക്കണമെന്ന് മാത്രം

 


തിരുവനന്തപുരം: നിപ സ്ഥിരീകരിച്ചതുകൊണ്ട് ഇതാകെ പടരുമെന്നുള്ള ഭയമൊന്നും ആര്‍ക്കും വേണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.

രോഗം പകരാതിരിക്കാന്‍ ഒന്ന് ശ്രദ്ധവെച്ചാല്‍ മതിയെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടനെ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.

ഒരു പ്രദേശത്തുള്ള ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പേരില്‍ ആ പ്രദേശത്തുള്ളവരെ പൂര്‍ണമായി അകറ്റി നിര്‍ത്തുകയൊന്നും വേണ്ട. അതുപോലെ ബസിലും ഒട്ടോയിലും ഒന്നും കയറ്റാതിരിക്കുക എന്നിവയും വേണ്ട. അതേസമയം ഒരു മുന്‍ കരുതലെടുക്കുകതന്നെ വേണം.

രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ രോഗിയുടെ ശരീരസ്രവങ്ങളില്‍നിന്നോ, ഒരു മീറ്റര്‍ അകലെനിന്ന് വായുവിലൂടെയോ ആണ് വൈറസ് പകരുക. കരുതലിനും വ്യക്തിശുചിത്വത്തിനുമപ്പുറം അനാവശ്യ ഭീതിയുടെ സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഏതെങ്കിലും തരത്തിലുള്ള പനിയോ ചുമയോ ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കുക. അത്തരം രോഗമുള്ളവര്‍ അത് നിപ അല്ലെങ്കില്‍തന്നെ വിവാഹങ്ങളിലും മറ്റും പങ്കെടുക്കുന്നത് ഒഴിവാക്കണം. ആശുപത്രിയില്‍ ചികിത്സ തേടുകയാണ് വേണ്ടത്. ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. പൂര്‍ണമായും ശുചിയാക്കി ശുദ്ധവെള്ളത്തില്‍ കഴുകി മാത്രമെ ഭക്ഷണം പാകം ചെയ്യാവൂ.

വവ്വാലില്‍നിന്നും പന്നിയില്‍നിന്നുമാണ് ഈ രോഗം പടരുന്നതെന്നാണ് പറയുന്നത്. അതുകൊണ്ട് വവ്വാല്‍ ഉള്ള പ്രദേശങ്ങളില്‍ നിന്നുമുള്ള പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. വവ്വാല്‍ കാഷ്ഠം വീണ പാനീയങ്ങളും വവ്വാല്‍ ചപ്പിയ പഴങ്ങളും ഒഴിവാക്കണം.

സാമൂഹ്യ മാധ്യമങ്ങളില്‍ ആശങ്ക പടര്‍ത്തുന്ന പോസ്റ്റുകള്‍ വരാതിരിക്കാന്‍ നോക്കണം. ”വവ്വാല്‍ ചപ്പിയ മാങ്ങ ഞാന്‍ കഴിച്ചു. നിങ്ങളും കഴിച്ചോളൂ”എന്ന വിധത്തിലുള്ള പ്രചരണങ്ങളില്‍നിന്നും വിട്ടുനില്‍ക്കണം.

വൈറല്‍ ഫീവറിനെല്ലാം പൊതു ലക്ഷണങ്ങളാണ്. അതുകൊണ്ട് എല്ലാ പനിയും ചര്‍ദ്ദിയും നിപയാണെന്ന് കരുതേണ്ടതില്ല. എല്ലാ പനി വരുന്നവരും ശ്രദ്ധിക്കണം എന്നുമാത്രം. രോഗിയില്‍ രോഗലക്ഷണം കാണുന്നത് വരെ ഇത് പകരുകയില്ല. അതുകൊണ്ട് പനിയുള്ള രോഗിയുടെ വീടിനടുത്ത് പോകുന്നതിനൊന്നും ഭയക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News