വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ഈദുൽ ഫിത്തർ 

വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ഈദുൽ ഫിത്തർ  ആഘോഷിക്കുന്നു.

സംസ്ഥാനത്തെ പളളികളിലും പ്രത്യേകം സജ്ജമാക്കിയ ഈദ്ഗാഹുകളിലും ചെറിയപെരുന്നാള്‍ നിസ്‌ക്കാരം നടക്കും. പ്രമുഖ ഇസ്ലാം മത പണ്ഡിതർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി

റമദാൻ 30 പൂർത്തിയാക്കി എത്തിയ ചെറിയ പെരുന്നാളിനെ ഇസ്ലാം മത വിശ്വാസികൾ അത്യാഹ്ലാദത്തോടെ വരവേറ്റു. 

വ്രതശുദ്ധിയുടെ 30 ദിനരാത്രങ്ങളിൽ ആർജ്ജിച്ചെടുത്ത മന:ശുദ്ധിയുമായി വിശ്വാസികൾ രാവിലെ പള്ളികളിൽ എത്തി.  ഈദ്ഗാഹ് കളിലും  ചെറിയപെരുന്നാള്‍ നിസ്‌ക്കാരം നടന്നു.

തിരുവനന്തപുരം  ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ്ഗാഹിന് പാളയം ഇമാം, വി പി സുഹൈബ് മൗലവി നേതൃത്വം നൽകി.

കൊല്ലം കർബല ഈദ്ഗാഹിൽ അബ്ദുൾ ഷുക്കൂർ ഖാസിമിയും പത്തനതിട്ട ടൗൺ ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുൾ ഷുക്കൂർ മൗലവിയുമാണ് നേതൃത്വം നൽകിയത്. 

കൊച്ചിയിലെ വിവിധ ഇടങ്ങളിൽ പ്രത്യേക നമസ്കാരവും ഈദ്ഗാഹുകളും നടന്നു. നടൻ മമ്മൂട്ടിയും ദുൽഖർ സൽമാനും കടവന്ത്ര ജുമാമസ്ജിദിൽ എത്തി പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.

കലൂരിലും മറൈൻ ഡ്രൈവിലും ഒരുക്കിയ ഈദ് ഗാഹുകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ആലപ്പുഴയിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകൾക്കും നമസ്കാരങ്ങൾക്കും പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകി.

നിപ രോഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക പ്രാർത്ഥനകളും നടത്തി.

കോട്ടയം ജില്ലയിൽ തിരുനക്കര മൈദാനം, താഴത്തങ്ങാടി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. തൃശ്ശൂർ നഗരത്തിലെ ഈദ്‌ ഗാഹിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

കോഴിക്കോട് മർക്കസ് മസ്ജിദിൽ ഡോ. അബ്ദുൾ ഹക്കീം അൽ കാന്തിയും ചാലിയം ജുമാ മസ്ജിദിൽ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും നിസ്ക്കാരത്തിന്  നേതൃത്വം നൽകി. 

മലപ്പുറം കോട്ടക്കുന്നില്‍ കേരള ജം ഇയത്തുല്‍ ഉലമ അംഗം ഉസ്മാന്‍ മിശ്കാത്തിയുടെ നേതൃത്വത്തിലായിരുന്നു ഈദ് ഗാഹ്. പാണക്കാട് ജുമഅത്ത് പള്ളിയിൽ ഹൈദരലി ശിഹാബ് തങ്ങളും നിസ്ക്കാരത്തിന് നേതൃത്വം നൽകി.

കാസർകോട് നഗരത്തിൽ 4 കേന്ദ്രങ്ങളിൽ ഈദ് ഗാഹ് നടന്നു. കണ്ണൂർ വയനാട്, പാലക്കാട് ജില്ലകളിലും പള്ളികളിൽ ചെറിയ പെരുന്നാൾ പ്രാർത്ഥന നടന്നു. 

പ്രാർത്ഥനയ്ക്ക് ശേഷം  ശേഷം ദാനധർമ്മങ്ങൾ നൽകിയും പരസ്പരം ആലിംഗനം ചെയ്ത് സ്‌നേഹസന്ദേശങ്ങള്‍ കൈമാറിയും വിശ്വാസികൾ വീടുകളിലേക്ക് മടങ്ങി.

കുടുംബ വീടുകള്‍ സന്ദര്‍ശിച്ചും, സൗഹൃദം പുതുക്കിയും ചെറിയ പെരുന്നാൾ ആഘോഷമാക്കുകയാണ് വിശ്വാസികൾ.

 
 
 
 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here