ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ക്കായി ബിജെപി ഒ‍ഴുക്കിയത് 27000 കോടി

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയപാര്‍ടികള്‍  55,000 മുതൽ 60,000 കോടി രൂപ വരെ ചെലവാക്കിയതായി റിപ്പോര്‍ട്ട്.  ഇതിന്റെ 45 ശതമാനം ഏതാണ്ട് 27,000 കോടി രൂപ ചെലവിട്ടത്  ബിജെപിയാണെന്ന് ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ മീഡിയ സ‌്റ്റഡീസ‌് (സിഎംഎസ‌്) വെളിപ്പെടുത്തി. ആകെ തെരഞ്ഞെടുപ്പ‌് ചെലവിന്റെ 15 മുതൽ 20 ശതമാനം മാത്രമാണ‌് കോൺഗ്രസിന്റെ വിഹിതമെന്നും സി എംഎസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.  സ്ഥാനാർഥി 40 കോടിയിലേറെ ചെലവിട്ട മണ്ഡലങ്ങളുടെ പട്ടികയില്‍  തിരുവനന്തപുരവും ഉള്‍പ്പെടുന്നു. ഇക്ക‍ഴിഞ്ഞ  അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പില്‍ പരമാവധി 45,000 കോടിരൂപയാണ‌് ചെലവായതായി കണക്കാക്കുന്നത് എന്നിരിക്കെയാണ് ഇന്ത്യയിലെ കണക്കുകള്‍ പുറത്ത് വരുന്നത്.

2014 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ  30,000 കോടിയായിരുന്നു മൊത്തം ചെലവ‌്. 2014നെ അപേക്ഷിച്ച‌് 2019ൽ ചെലവ‌് ഇരട്ടിയോടടുത്തിരിക്കുകയാണ്. ഈ ശൈലി പിന്തുടരുകയാണെങ്കിൽ 2024 തെരഞ്ഞെടുപ്പിൽ ചെലവ‌് ലക്ഷം കോടി കവിയുമെന്നാണ് സിഎംഎസ‌് ചെയർപേഴ‌്സൺ എൻ ഭാസ‌്കരറാവു ചൂണ്ടിക്കാട്ടുന്നത്. 1998ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 2019ൽ മൊത്തം ചെലവ‌് ആറ‌് മടങ്ങ‌ായി. 1998ൽ 9,000 കോടി രൂപയായിരുന്നു ചെലവ‌്. 1998ൽ മൊത്തം ചെലവിൽ 20 ശതമാനം മാത്രമായിരുന്നു ബിജെപിയുടെ വിഹിതം. 2019 എത്തുമ്പോൾ ബിജെപി വിഹിതം മൊത്തം ചെലവിന്റെ 45 ശതമാനമായി വർധിച്ചപ്പോൾ കോൺഗ്രസിന്റെ വിഹിതത്തിൽ 2009ന‌് ശേഷം കാര്യമായ ഇടിവാണ‌് രേഖപ്പെടുത്തിയത‌്. 2009ൽ അധികാരത്തിലിരുന്ന അവസരത്തിൽ ആകെ ചെലവിന്റെ 40 ശതമാനമായിരുന്നു കോൺഗ്രസിന്റെ വിഹിതം.

അതേസമയം 75 മുതൽ 85 ലോക‌്സഭാമണ്ഡലങ്ങളിൽ ചില സ്ഥാനാർഥികൾ 40 കോടിയിലേറെ രൂപ തെരഞ്ഞെടുപ്പിനായി ചെലവിട്ടു. ഉത്തർപ്രദേശിലെ അമേഠി, അസംഗഢ‌്, കർണാടകത്തിലെ മാണ്ഡ്യ, ഷിമോഗ, മധ്യപ്രദേശിലെ ഗുണ, ഭോപാൽ, മഹാരാഷ്ട്രയിലെ നാഗ‌്പുർ, ബരാമതി, കേരളത്തിലെ തിരുവനന്തപുരം തുടങ്ങിയ മണ്ഡലങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. സ്ഥാനാർഥികൾ 70 ലക്ഷം രൂപ മാത്രമേ ചെലവിടാൻ പാടുള്ളൂവെന്നാണ‌് ചട്ടം.

2019 തെരഞ്ഞെടുപ്പിലെ മൊത്തം ചെലവിൽ 20,000 മുതൽ 25,000 കോടി വരെ പരസ്യപ്രചാരണത്തിന‌് വേണ്ടിയാണ‌് വിനിയോഗിച്ചിട്ടുള്ളത‌്. പല മണ്ഡലങ്ങളിലും വോട്ടർമാർക്ക‌് ഇടനിലക്കാർ മുഖേന നേരിട്ട‌് പണം വിതരണം ചെയ‌്തതായും സിഎംഎസ‌് റിപ്പോർട്ടിൽ കണ്ടെത്തലുണ്ട‌്. ഒരു പാർലമെന്റ‌് മണ്ഡലത്തിൽ ശരാശരി 100 കോടി രൂപ വീതം 12,000 മുതൽ 15,000 കോടി രൂപവരെ വോട്ടർമാർക്കായി ചെലവിട്ടിട്ടുണ്ടെന്നാണ‌് അവകാശവാദം. ഔദ്യോഗിക ചെലവിനത്തിൽ 10,000 മുതൽ 12,000 കോടിയും ചരക്ക‌് ഗതാഗതത്തിനായി 5,000 കോടിയും മറ്റ‌് ചെലവുകൾക്കായി 3,000 മുതൽ 6,000 കോടി രൂപ വരെയും ചെലവിട്ടിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News