ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതിന് ദളിത് യുവാവിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം; വീഡിയോ

ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതിന് ദളിത് യുവാവിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം.രാജസ്ഥാനിലാണ് സംഘപരിവാര്‍ ക്രൂരത.എന്നാല്‍ ക്ഷേത്രത്തിലെ പൂജാരിയുടെ മകള്‍ക്ക് നേരെ അതിക്രമം നടത്തിയതിനാണ് യുവാവിനെ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

മര്‍ദനത്തിനിരയായ യിവാവിനെതിരെ പോസ്‌കോ ചുമത്തി. സംഘപരിവാര്‍ പ്രവര്‍ത്തകരെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നും വിമര്‍ശനം ശക്തമായി. 

രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേരിയ ഗ്രാമത്തിലാണ് ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ദളിത് യുവാവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്.

കൈയും കാലും കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദനം. മര്‍ദിക്കരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും അടിക്കുന്നത് നിര്‍ത്താന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തയ്യാറായതുമില്ല. ജൂണ്‍ 1നാണ് സംഘപരിവാര്‍ ക്രൂരത അരങ്ങേറിയത്.

ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് മര്‍ദിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

എന്നാല്‍ യുവാവ് ക്ഷേത്രത്തിലെ പൂജാരിയുടെ മകള്‍ക്കു നേരെ അതിക്രമം നടത്തിയതാണ് മര്‍ദനത്തിന്റെ കാരണമെന്നാണ് പാലി പൊലീസിന്റെ പക്ഷം. യുവാവിനെതിരെ പൂജാരി പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്‌കോ ചുമത്തുകയും, പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

എന്നാല്‍ മര്‍ദ്ദിച്ചവര്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും മര്‍ദനത്തെ കുറിച്ച് യുവാവിന്റെ മൊഴിയില്‍ ഒന്നും പറയുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം സംഘപരിവാര്‍ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള നീക്കമാണ് പൊലീസിന്റേതെന്ന വിമര്‍ശനവും ശക്തമായി. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News