നിപയെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് കേരളം; അധിക്ഷേപിച്ച് സംഘപരിവാര്‍; ബിജെപിക്ക് വോട്ട് ചെയ്യാത്ത മലയാളികള്‍ അനുഭവിക്കണമെന്ന് സംഘിപ്രചാരണം

രണ്ടാംവട്ടവും നിപാ രോഗത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമ്പോള്‍, സോഷ്യല്‍മീഡിയയില്‍ കേരളത്തെ അധിക്ഷേപിച്ച് വടക്കേ ഇന്ത്യന്‍ സംഘപരിവാര്‍ അനുകൂലികള്‍.

നിപാ കേരളത്തിനേറ്റ ശാപമെന്നാണ് ഇക്കൂട്ടരുടെ പ്രചാരണം. ബിജെപിക്ക് വോട്ട് ചെയ്യാത്ത മലയാളികള്‍ അനുഭവിക്കണമെന്നുമുണ്ട് പരാമര്‍ശം. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ആരോഗ്യമേഖലയിലുള്ള മുന്നേറ്റം എന്നിവയെയും സംഘപരിവാരബന്ധുക്കള്‍ പരിഹസിക്കുന്നു.

ഇതുകൊണ്ട് ഒരു പ്രശ്‌നവും ഇല്ലെന്നും യുഎഇയില്‍നിന്നുള്ള 700 കോടി ലഭിക്കുമെന്നുമാണ് ചിലരുടെ പരിഹാസം.

അറേബ്യയില്‍നിന്നുള്ള ഈന്തപ്പഴത്തില്‍നിന്നാണ് വൈറസ് വരുന്നതെന്ന് ചിലര്‍. ‘ഉന്നത വിദ്യാഭ്യാസം’ നേടിയ ആളുകളുടെ തലച്ചോറില്‍നിന്നാണ് ഈ വൈറസ് ഉണ്ടാകുന്നതെന്ന അധിക്ഷേപവും കമന്റുകളില്‍ ഉണ്ട്. ഒരു രോഗത്തെ നേരിടുന്ന സംസ്ഥാനത്തിനെ അധിക്ഷേപിക്കുന്നത് മാന്യതയല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് മുമ്പ് നിപാ ബാധ ഉണ്ടായപ്പോഴും പ്രളയം ദുരന്തമുണ്ടാക്കിയപ്പോഴും സംഘപരിവാറിന്റെ നേതൃത്വത്തില്‍ സമാനമായ ആക്രമണം ഉണ്ടായിരുന്നു. പ്രളയത്തില്‍ ദുരിതത്തിലായ മലയാളികളെ സഹായിക്കേണ്ടതില്ലെന്നും അവര്‍ സമ്പന്നരാണെന്നും വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ബിജെപി ഐടി സെല്‍ അംഗം മലയാളിയായ സുരേഷ് കൊച്ചാട്ടിലിന്റെ സന്ദേശം വന്‍വിവാദവുമായി.

കേരളീയര്‍ ബീഫ് കഴിക്കുന്നവരാണെന്നും സഹായം നല്‍കരുതെന്നും സംഘപരിവാറുകാര്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രചരിപ്പിച്ചു. കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസ സഹായം കേന്ദ്രം നല്‍കാതിരുന്നപ്പോഴും വിദേശ സഹായം തടഞ്ഞപ്പോഴും സമാനമായ നിലയില്‍ സംഘപരിവാര്‍ ആഹ്ലാദപ്രകടനവുമായി രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel