ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതകളുണ്ടന്ന ആരോപണത്തെ തുടര്‍ന്ന് സ്വര്‍ണ കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള ക്രൈംബാഞ്ച് സംഘം കാക്കനാട്ടെ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ബാലഭാസ്‌ക്കരന്റെ സുഹൃത്തും പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്ന പ്രകാശ് തമ്പിയ്ക്കെതിരെ ബന്ധുക്കള്‍ മൊഴി നല്‍കിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ് തമ്പിക്കെതിരെ കലാഭവന്‍ സോബിയും മൊഴി നല്‍കിയിട്ടുണ്ട്.

ബാലഭാസ്‌ക്കറും ഡ്രൈവര്‍ അര്‍ജുനും ജ്യൂസ് കുടിച്ച കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളും പ്രകാശന്‍ തമ്പി സ്വന്തം നിലയില്‍ ശേഖരിച്ചിരുന്നു. ഇക്കാര്യത്തില്‍ കടയുടമയുടെ മൊഴി മാറ്റത്തിലെ വൈരുദ്ധ്യവും സംശയമുണ്ടാക്കിയിട്ടുണ്ട്. അപകടം നടന്നയുടന്‍ ബാലഭാസ്‌ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതടക്കമുള്ള കാര്യങ്ങളില്‍ ബന്ധുക്കളുടെ മൊഴിയും പ്രകാശ് തമ്പിക്കെതിരാണ്.

ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരി കൃഷണന്‍ ജയിലിലെത്തി ചോദ്യം ചെയ്യുന്നത്. പ്രകാശ് തമ്പിയെ ചോദ്യം ചെയ്യുന്നതിലൂടെ സിസിടിവി ദശ്യങ്ങള്‍, ബാലഭാസ്‌ക്കറുടെ മൊബൈല്‍, ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഡ്രൈവര്‍ അര്‍ജുനും വിഷ്ണുവും കേരളത്തില്‍ ഇല്ലെന്നാണ് വിവരം. ദുരൂഹതയകറ്റാന്‍ ഇവരെക്കൂടി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യേണ്ടി വരും. പ്രകാശ് തമ്പി , വിഷ്ണു , ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ സ്വര്‍ണ്ണക്കടത്ത് കേസിലും പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് ബാലഭാസ്‌ക്കറുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News