ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാഡ് അന്തരിച്ചു


ബംഗളൂരു: എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാഡ് അന്തരിച്ചു. 81 വയസായിരുന്നു.

ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച എഴുത്തുകാരനാണ്. 1988-93 കാലഘട്ടത്തില്‍ കേന്ദ്ര സംഗീതനാടക അക്കാദമി അധ്യക്ഷനായിരുന്നു. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങളും ഗിരീഷ് കര്‍ണാടിനു രാജ്യം സമ്മാനിച്ചു. കര്‍ണ്ണാടക സ്റ്റേറ്റ് നാടക അക്കാദമിയുടെ അധ്യക്ഷനുമായിരുന്നു.

പുരോഗമന രാഷ്ട്രീയ നിലപാടുകള്‍ എഴുത്തില്‍ ഉയര്‍ത്തിപിടിച്ചിരുന്നു അദ്ദേഹം. എഴുത്തിലും ഭക്ഷണത്തിലുമടക്കം സംഘപരിവാര്‍ കടന്നു കയറുന്നതിനെ തുറന്ന് എതിര്‍ത്തിരുന്നു. ബംഗളൂരു നഗരത്തില്‍ ഗൗരി ലങ്കേഷ് അനുസ്മരണത്തില്‍ പങ്കെടുക്കവെ ‘ഞാനും അര്‍ബന്‍ നക്‌സലാണ്’ എന്ന പ്ലക്കാര്‍ഡ് കഴുത്തലണിഞ്ഞതിന്റെ പേരില്‍ ഗിരീഷ് കര്‍ണാടിനെ കള്ളക്കേസില്‍ കേസില്‍ കുടുക്കാനുള്ള നീക്കം സംഘപരിവാര്‍ നടത്തിയിരുന്നു.

1938 മെയ് 19ന് മഹാരാഷ്ട്രയിലെ മഥേരാനിലാണ് ജനിച്ചത്.

വിദ്യാഭ്യാസം ഇംഗ്ലീഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958-ല്‍ ബിരുദം നേടി. 1960-63 വരെ ഓക്‌സ്ഫഡ് യൂണിവര്‍സിറ്റിയില്‍ റോഡ്സ് സ്‌കോളര്‍ ആയിരുന്നു. ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് ഇക്കണോമിക്‌സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ ബിരുദം നേടി. 1963-ല്‍ ഓക്സ്ഫെഡ് യൂനിയന്‍ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. . മദിരാശിയിലെ ഓക്സ്ഫെഡ് യൂനിവഴ്‌സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവര്‍ത്തിച്ചു.

ചരിത്രം, ഐതിഹ്യങ്ങള്‍ എന്നിവയെ സമകാലിക പ്രശ്‌നങ്ങളുമായി കൈകാര്യം ചെയ്യുന്ന രീതിയാണ് നാടകങ്ങളില്‍ സ്വീകരിക്കുന്നത്. സിനിമയില്‍ നടന്‍, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ ഗിരീഷ് കര്‍ണാട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യനാടകം യയാതി (1961). സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദല്‍ സര്‍ക്കാര്‍, മോഹന്‍ രാകേഷ്, വിജയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാന നടനുമായി സിനിമാരംഗത്തു പ്രവേശിച്ചു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here