അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. ‘വായു’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. ഇതേ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും കര്‍ണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 60 കി.മീ.വേഗതയുള്ള കാറ്റിനും സാധ്യത. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും.   

ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ന്യൂനമര്‍ദമേഖലയില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 13ന് മഹാരാഷ്ട്ര തീരത്ത് 70 കിലോമീറ്റര്‍ വേഗത്തിലും കാറ്റുവീശുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.