അറബിക്കടലില്‍ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു

അറബിക്കടലില്‍ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഇതേ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും കര്‍ണാടക, ഗോവ തീരങ്ങളിലും കനത്തമഴ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ ശക്തി കൂടിയതോടെ സംസ്ഥാനത്തെ തീരമേഖലയില്‍ കടലാക്രമണം ശക്തമാണ്. കടല്‍ക്ഷോഭം ശക്തമാകുമെന്നും വലിയ തിരമാലകള്‍ വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വായു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് മഹാരാഷ്ട്രാ തീരത്തെയ്ക്കാണ് നീങ്ങുന്നത്. ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് കേരളത്തില്‍ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും മഴ ശക്തിപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം തീരമേഖലയില്‍ കനത്ത നാശനഷ്ടമുണ്ടായി. സംസ്ഥാനത്തും കടല്‍ പ്രക്ഷുബ്ദമായി തുടരും. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരമേഖലയില്‍ തീരമാലകള്‍ 3.5 മുതല്‍ 4.5 മീറ്റര്‍ വരെ ഉയരത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഈ മാസം 13 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്.

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News