തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോഡി സര്‍ക്കാറിനെതിരായ ജനവിധി; ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തും: എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ്ഫലം നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെയുള്ള ജനവിധിയായിരുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മോഡി സര്‍ക്കാരിനെതിരെയുള്ള പ്രചാരണം ഗുണം ചെയ്തത് യുഡിഎഫിനാണ്.

വിശ്വാസികളായിട്ടുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്കായതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കി.

ഇടതുപക്ഷം ജനകീയ അടിത്തറ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സഘടിപ്പിക്കുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിജയരാഘവന്‍ പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്.

ദേശീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനം കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിട്ടുണ്ടെന്നുള്ളതാണ് പൊതുവെയുള്ള വിലയിരുത്തല്‍.

നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെയുള്ള പൊതുവികാരമാണ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കണ്ടത്.

മോഡിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കുക എന്ന പ്രചാരണമാണ് എല്‍ഡിഎഫും യുഡിഎഫും നടത്തിയതെന്ന് വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ഒരു മതേതര സര്‍ക്കാര്‍ എന്ന ലക്ഷ്യമാണ് ഇടതുപക്ഷം മുന്നോട്ടുവെച്ചത്.

എന്നാല്‍ ആ പ്രചാരണത്തെക്കാള്‍ ബിജെപിക്ക് ബദലായി മറ്റൊരു സര്‍ക്കാര്‍ എന്ന പ്രചാരണം രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചതോടെ ഇവിടെ ഉണ്ടാക്കിയെടുക്കാന്‍ കോണ്‍ഗ്രസിനായി.

അതുകൊണ്ട് കേന്ദ്രത്തില്‍ ഒരു സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിനല്ല യുഡിഎഫിനാണ് എന്ന ചിന്ത മതേതര ചിന്താഗതിയുള്ളവരുടെ മനസ്സില്‍ വന്നു. അത് യുഡിഎഫിന് വോട്ട് ചെയ്യുന്നതിലേക്ക് എത്തുകയും ചെയ്തു.

അതോടൊപ്പം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കേരളത്തില്‍ മത്സരിക്കുന്നു.

കേന്ദ്രത്തില്‍ ഭൂരിപക്ഷം ഉള്ള പാര്‍ട്ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കും എന്നുള്ള പ്രചാരണവും അവര്‍ക്ക് ഗുണം ചെയ്തു.

ശബരിമല വിഷയവുമായി ബന്ധപെട്ട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിച്ചു.

ഭരണഘടന ബെഞ്ചിന്റെ വിധി ആയതിനാല്‍ ആ വിധിക്കൊപ്പം നില്‍ക്കുക എന്നതിനപ്പുറം മറ്റൊരു മാര്‍ഗം സര്‍ക്കാരിനില്ല.

ആദ്യഘട്ടത്തില്‍ വിധിയെ സ്വാഗതം ചെയ്ത യുഡിഎഫും ബിജെപിയും പിന്നീട് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.

അതിന്റെ ഭാഗമായി സര്‍ക്കാരിനെതിരായ അക്രമ സമരങ്ങളും പ്രചാരണ പ്രവര്‍ത്തങ്ങളും തെരഞ്ഞെടുപ്പ് ഘട്ടത്തിലും നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.

എന്നാല്‍ അതിനെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രചാരണം നടത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. അതിന്റെ ഉപഭോക്താവായി യുഡിഎഫ് മാറുന്ന സ്ഥിതിയുണ്ടായി.

എല്‍ഡിഎഫ് സംസ്ഥാന സമിതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും എല്‍ഡിഎഫിനൊപ്പം നിന്ന തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികളെ തിരിച്ച് മുന്നണിയോടപ്പം എത്തിക്കാനുള്ള പ്രചാരണം നടത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് പൊതുജനങ്ങളുടെ ഇടയില്‍ സര്‍ക്കാരിന് നല്ല അഭിപ്രായമാണ് ഉള്ളത്. നല്ല നിലയില്‍ തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ആ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുക എന്നാണു ആലോചിക്കുന്നത്.

സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനം നടത്തിയെങ്കിലും അത് ജനങ്ങളുടെ ഇടയിലേക്ക് എത്തുന്നില്ലെന്നും അഭിപ്രായം ഉയര്‍ന്നു വന്നു.

അതുകൊണ്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ ജനങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ പ്രചാരണം നടത്തണമെന്നും യോഗം തീരുമാനിച്ചു.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിപുലമായ പ്രചാരവേലകള്‍ സംഘടിപ്പിക്കാനും അതോടൊപ്പം ഓരോ കക്ഷികളും അവരുടെ കരുത്താകെ സ്വതന്ത്രമായ പ്രചാരണ പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുമുള്ള പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അതുവഴി പൊതുജനങ്ങളുടെ ഇടയില്‍ ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News