ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കള്ളക്കണക്കെന്ന് മുന്‍ കേന്ദ്ര ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പെരുപ്പിച്ചുകാട്ടി. ആറുവര്‍ഷത്തെ സാമ്പത്തികവളര്‍ച്ച യഥാര്‍ഥനിരക്കില്‍നിന്ന് രണ്ടരശതമാനം ഉയര്‍ത്തിക്കാട്ടിയതായി ഒന്നാം മോഡി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ വെളിപ്പെടുത്തി. രണ്ടാം മോഡിസര്‍ക്കാര്‍ ആദ്യബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കവെയാണ് കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്ക് നിലനില്‍ക്കുന്ന രാജ്യം എന്ന് അവകാശപ്പെട്ട് കേന്ദ്രം സാമ്പത്തികപരിഷ്‌കാരങ്ങള്‍ നടപ്പാക്കവെയാണ് പൊള്ളത്തരം പുറത്തുവന്നത്.

രാജ്യം 2011-12 മുതല്‍ 2016-17 വരെ ശരാശരി ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥ വളര്‍ച്ച 4.5 ശതമാനം മാത്രമായിരുന്നു. വളര്‍ച്ച കണക്കാക്കുന്ന സമ്പ്രദായത്തില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് വരുത്തിയ അശാസ്ത്രീയമാറ്റമാണ് വസ്തുതാപരമല്ലാത്ത നിഗമനങ്ങളിലേക്ക് നയിച്ചത്. ഉയര്‍ന്ന വളര്‍ച്ചനിരക്ക് രാഷ്ട്രീയമുതലെടുപ്പിന് സഹായമാകുമെന്ന് കരുതി മോഡി സര്‍ക്കാരും ഈവഴി പിന്തുടര്‍ന്നു. ഉയര്‍ന്ന വളര്‍ച്ചനിരക്ക് അവകാശപ്പെടുമ്പോഴും രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിച്ചില്ല.

ധനമേഖലയിലെ കടുത്ത പ്രതിസന്ധി സാമ്പത്തികവളര്‍ച്ചയെക്കുറിച്ചുള്ള അവകാശവാദം കെട്ടുകഥയാണെന്ന് തെളിയിക്കുന്നു.സാമ്പത്തികവളര്‍ച്ച നിര്‍ണയിക്കുന്ന 17 മുഖ്യസൂചകങ്ങള്‍ പരിശോധിച്ചാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ സര്‍ക്കാരിന്റെ അവകാശവാദം പൊളിച്ചത്. 2001-02 മുതല്‍ 2017-18 വരെയുള്ള വൈദ്യുതി ഉപയോഗം, ഇരുചക്രവാഹനം, വാണിജ്യവാഹനം, ട്രാക്ടര്‍ എന്നിവയുടെ വില്‍പ്പന, വിമാനയാത്രികരുടെ എണ്ണം, വിദേശവിനോദസഞ്ചാരികളുടെ വരവ്, റെയില്‍വേ ചരക്ക് ഗതാഗതം, വ്യവസായ ഉല്‍പ്പാദന സൂചിക, നിര്‍മിതോല്‍പ്പന്ന മേഖലസൂചിക, ഉപഭോക്തൃസൂചിക, പെട്രോളിയം, സിമന്റ്, ഉരുക്ക് ഉല്‍പ്പാദനം, മൊത്തം വായ്പവിതരണം, വ്യവസായവായ്പകള്‍, ചരക്ക്-സേവന കയറ്റുമതിയും ഇറക്കുമതിയും എന്നിവയാണ് പരിഗണിച്ചത്.

2011-12നു മുമ്പും അതിനുശേഷവുമുള്ള കാലയളവുകളില്‍ ഈ മേഖലകളിലെ പ്രകടനം പരിശോധിച്ചു. ഇന്ത്യയിലെ സൂചകങ്ങളെ മറ്റ് 71 രാജ്യങ്ങളിലെ സൂചകങ്ങളുമായി താരതമ്യംചെയ്തു. ഇതില്‍നിന്നാണ് ഇന്ത്യയുടെ യഥാര്‍ഥ വളര്‍ച്ചനിരക്ക് 4.5 ശതമാനം മാത്രമാണെന്ന് വ്യക്തമായത്.

തെറ്റായ വളര്‍ച്ചനിരക്കിന്റെ അടിസ്ഥാനത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികആരോഗ്യത്തിന് ഹാനികരമാണെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ സമര്‍ഥിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ സര്‍ക്കാരിന്റെ കണക്കുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പരസ്യമായി വിയോജിപ്പും അറിയിച്ചു. 2017 ജൂലൈയില്‍ പ്രസിദ്ധീകരിച്ച സാമ്പത്തിക സര്‍വേയില്‍ ഇതു പ്രകടമാണ് -അദ്ദേഹം പറയുന്നു.

നിഷ്പക്ഷവും സ്വതന്ത്രവുമായ ഏജന്‍സിയെ ഉപയോഗിച്ച് വളര്‍ച്ച നിരക്ക് പരിശോധിക്കണമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. മോഡിസര്‍ക്കാര്‍ 2014ല്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച അരവിന്ദ് സുബ്രഹ്മണ്യന്‍ 2018 ജൂണില്‍ രാജിവയ്ക്കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മിക്ക സ്ഥിതിവിവരക്കണക്കുകളും വിവാദമായി. തൊഴില്‍വളര്‍ച്ച സംബന്ധിച്ച് തയ്യാറാക്കിയ ഔദ്യോഗിക റിപ്പോര്‍ട്ട് സര്‍ക്കാര്‍ തടഞ്ഞുവച്ചു. തെരഞ്ഞെടുപ്പിനുശേഷമാണ് പുറത്തുവിട്ടത്.

അതേസമയം, കാലാനുസൃതമായാണ് വളര്‍ച്ചനിരക്ക് കണക്കാക്കുന്ന സമ്പ്രദായം പരിഷ്‌കരിച്ചതെന്ന് സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പ്രതികരിച്ചു. ജിഡിപി വളര്‍ച്ചനിരക്ക് കണക്കാക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാണ്. ദേശീയ സ്ഥിതിവിവരക്കണക്ക് സംവിധാനം സ്വതന്ത്രമാണ്. വളര്‍ച്ചനിരക്ക് നിര്‍ണയിക്കുന്നത് സങ്കീര്‍ണമായ രീതിയിലാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News