ഇന്ത്യയുടെ അഭിമാന ദൗത്യം ചാന്ദ്രയാന്‍ 2, അടുത്ത മാസം കുതിച്ചുയരും

ബെംഗളൂരു: ചന്ദ്രന്റെ രഹസ്യങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യവുമായി ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം ‘ചന്ദ്രയാന്‍ 2’ ജൂലൈയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. സെപ്റ്റംബറില്‍ ചന്ദ്രയാന്‍ 2 ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങും. ജൂലൈ 9നും 16നും ഇടയ്ക്കാണ് വിക്ഷേപണം ഉദ്ദേശിക്കുന്നത്. സെപ്റ്റംബര്‍ 6ന് ചന്ദ്രനില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണത്തിനുശേഷം ചന്ദ്രനിലെത്താന്‍ പരമാവധി 35- 45 ദിവസം വരെയെടുക്കും.

ചാന്ദ്രയാന്‍ – 2 ദൗത്യത്തിന്റെ മൊഡ്യുളുകളുടെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു.  ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം 2008 നവംബര്‍ 14നാണ് ചന്ദ്രനിലിറങ്ങിയത്.  ചന്ദ്രന്റെ ഉപരിതലത്തില്‍ വെള്ളത്തിന്റെ തന്മാത്രകള്‍ ഉണ്ടെന്ന വിവരം പുറത്തുകൊണ്ടുവന്നത് ചന്ദ്രയാന്‍ 1 ആയിരുന്നു.

അതിസങ്കീര്‍ണമായ ലാന്‍ഡിംഗിനാണ് ചാന്ദ്രയാന്‍-2 ഒരുങ്ങുന്നത്. അതുപോലെ സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് ചാന്ദ്രയാന്‍ രണ്ടിലൂടെ.ചാന്ദ്രയാന്‍ 2 ഏപ്രിലില്‍ വിക്ഷേപിക്കാനാണ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ ഇറങ്ങാനുള്ള ഇസ്രയേലിന്റെ ശ്രമം വിജയിക്കാതിരുന്നതിനെത്തുടര്‍ന്ന് ഇന്ത്യയുടെ വിക്ഷേപണം നീട്ടിവയാക്കുകയായിരുന്നു.

ആദ്യം ജനുവരി ഫെബ്രുവരി മാസങ്ങളില്‍ വിക്ഷേപണം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീടാണ് മാര്‍ച്ച് ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം 2008 നവംബര്‍ 14നാണ് ചന്ദ്രനിലിറങ്ങിയത്. ചന്ദ്രന്റെ ഉപരിതലത്തില്‍ വെള്ളത്തിന്റെ തന്മാത്രകള്‍ ഉണ്ടെന്ന വിവരം പുറത്തുകൊണ്ടുവന്നത് ചന്ദ്രയാന്‍ 1 ആയിരുന്നു.ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്.

ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. റോവറിന്റെ പേര് ‘പ്രഗ്യാന്‍’ എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ കറങ്ങി വിവരങ്ങളെത്തിക്കലാണ് ‘പ്രഗ്യാന്റെ’ ജോലി. ദക്ഷിണധ്രുവത്തില്‍ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ പ്രഗ്യാന്റെ ജോലിയും ബുദ്ധിമുട്ടേറിയതാകും.

ജിഎസ്എല്‍വിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാര്‍ക്ക് – 3 യുടെ ചുമലിലേറിയാണ് ചാന്ദ്രയാന്‍ രണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുക. ഫാറ്റ് ബോയ് എന്ന് ശാസ്ത്രജ്ഞര്‍ തന്നെ വിളിക്കുന്ന മാര്‍ക്ക് 3, ഐഎസ്ആര്‍ഒയുടെ വിശ്വസ്തനാണ്. 800 കോടി രൂപ ചെലവിലൊരുങ്ങുന്ന ഇന്ത്യയുടെ അഭിമാനപദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാന്‍ മാര്‍ക്ക് 3-യ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട് ഐഎസ്ആര്‍ഒയ്ക്ക്. ദൗത്യത്തിന്റെ അവസാന വട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായതായി നേരത്തേ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലും കര്‍ണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികള്‍ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകള്‍ തമ്മില്‍ യോജിപ്പിച്ചത് ഐഎസ്ആര്‍ഒയുടെ ബംഗളുരു ക്യാംപസില്‍ വച്ച് തന്നെയാണ്.

ജൂണ്‍ 19-ന് ബംഗളുരു ക്യാംപസില്‍ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകള്‍ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും. ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രി ഡി മാപ്പിംഗ് മുതല്‍ ഉപരിതലത്തിലെ ജലകണികകളുടെ സാന്നിധ്യം തിരിച്ചറിയാനും മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കാനുമുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here