കിര്‍ഗിസ്ഥാനിലേക്ക് പറക്കാനുള്ള മോദിയുടെ തീരുമാനം മാറ്റി

പാക്കിസ്ഥാന്‍ വ്യോമപാതയിലൂടെ കിര്‍ഗിസ്ഥാനിലേയ്ക്ക് പോകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം മാറ്റി. പ്രധാനമന്ത്രിയ്ക്ക് പറക്കാനായി പാക്കിസ്ഥാനോട് ഇന്ത്യ അപേക്ഷിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നീക്കം.നാളെയും മറ്റന്നാളുമായി കിര്‍ഗിസ്ഥാനില്‍ നടക്കുന്ന എസ്.സി.ഒ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി പാക്കിസ്ഥാന്‍ വഴി തിരഞ്ഞെടുത്തത്.

ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ രാജ്യത്തിന് മുകളിലൂടെ പറക്കുന്നത് തടഞ്ഞ പാക്കിസ്ഥാന്‍ ഒമ്പതോളം വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. ഇന്ത്യന്‍ യാത്രാവിമാനങ്ങള്‍ വന്‍ നഷ്ടം സഹിച്ച് മറ്റ് വഴികളിലൂടെ പറക്കുന്നു. ഇതിനിടയിലാണ് നരേന്ദ്രമോദിയ്ക്കായി വിദേശകാര്യമന്ത്രാലയം പാക്കിസ്ഥാനോട് യാത്രാനുമതി തേടിയത്.

പ്രധാനമന്ത്രിയുടെ വിമാനത്തിന് പറക്കാന്‍ പാക്കിസ്ഥാന്‍ അനുമതിയും നല്‍കി. പക്ഷെ വാര്‍ത്ത പുറത്ത് വന്നതോടെ വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. യാത്രാ സമയം കുറയ്ക്കാനാണ് പാക്ക് വ്യോമപാത തിരഞ്ഞെടുത്തതെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുകയും ചെയ്തു.

എന്തായാലും സംഭവം വിവാദമായതോടെ പാക്കിസ്ഥാന് മുകളിലൂടെ പറക്കാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം മാറ്റി. മോദിയേയും വഹിച്ച് കൊണ്ടുള്ള വ്യോമസേനയുടെ വിവിഐപി വിമാനം ഒമാന്‍, ഇറാന്‍, മധ്യപൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് കിര്‍ഗിസ്ഥാനില്‍ എത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

രണ്ട് വഴികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഒന്ന് പാക്കിസ്ഥാനിലൂടെ പറക്കുക അല്ലെങ്കില്‍ ഒമാന്‍ വഴി. രണ്ടാമത്തെ വഴിയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.നാളെയും മാറ്റന്നാളുമായി കിര്‍ഗിസ്ഥാനില്‍ നടക്കുന്ന എസ്.സി.ഒ രാഷ്ട്രങ്ങളുടെ യോഗത്തില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News