അരുണാചലില്‍ തകര്‍ന്ന് വീണ വ്യോമസേനാ വിമാനത്തിലെ 13 പേരും കൊല്ലപ്പെട്ടു

അരുണാചലില്‍ തകര്‍ന്ന് വീണ വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികളടക്കം പതിമൂന്ന് പേരും കൊല്ലപ്പെട്ടു.വീട്ടുകാരെ വ്യോമസേന വിവരമറിയിച്ചു.

വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിയ തിരച്ചില്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്.

മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കാലതാമസം എടുക്കുമെന്ന് അരുണാചലല്‍ സര്‍ക്കാര്‍ അറിയിച്ചു.

അരുണാചലിലെ സിയാഗ് ജില്ലയിലെ ചെങ്കുത്തായ മലമുകളിലെ വനപ്രദേശത്ത് തകര്‍ന്ന് വീണ വ്യോമസേന ചരക്ക് വിമാനത്തിന് സമീപം രണ്ടാം ദിവസമായ ഇന്ന് എത്തിയ തിരച്ചില്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍.കെ.ഷരിന്‍,കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍,തൃശൂര്‍ മുളകുന്നത്കാവ് പെരിങ്ങണ്ടൂര്‍ സ്വദേശി സ്‌ക്വഡ്രല്‍ ലീഡര്‍ വിനോദ് എന്നീ മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇവരടക്കം പതിമൂന്ന് പേരും കൊല്ലപ്പെട്ടു. തിരച്ചില്‍ സംഘം മതൃദേഹങ്ങള്‍ തിരിച്ചറഞ്ഞതിനെ തുടര്‍ന്ന വ്യോമസേന മരണപ്പെട്ടവരുടെ ബന്ധുക്കളെ വിവരമറിയിച്ചു.

പര്‍വതാരോഹകര്‍,വ്യോമസേനയിലെ ഓഫീസ് റാങ്കിലെ ആറ് പേര്‍ ഉള്‍പ്പെടെ 9 വ്യോമസേന ഉദ്യോഗസ്ഥര്‍,കരസേനയില്‍ നിന്നും നാല് പേര്‍,രണ്ട് പ്രദേശവാസികള്‍ ഉള്‍പ്പെടെ വിപുലമായ സംഘമാണ് വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിയിരിക്കുന്നത്.

നേരത്ത ഇവരെ ഹെലികോപ്റ്ററില്‍ മാര്‍ഗം മലഞ്ചരിവില്‍ ഇറക്കാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് സമീപത്തെ കുന്നില്‍ മുകളില്‍ ഇറക്കി.

ഇവിടെ നിന്നും വനത്തിലൂടെ നടന്ന് വിമാനം തകര്‍ന്ന സ്ഥലത്ത് എത്തുകയായിരുന്നു.

മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കാലതാമസം എടുക്കുമെന്ന് അരുണാചല്‍ സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.

എം.ഐ-17, ധ്രൂവ് വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകള്‍ തിരച്ചില്‍ സംഘത്തിന് സഹായിക്കാനായുണ്ട്.

വിമാനത്തിന്റെ ബ്ലാക് ബോക്സ്,കോക്പീറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ വീണ്ടെടുക്കാനും ശ്രമം നടക്കുന്നു.

ഇത് വഴി അപകട കാരണം കണ്ടെത്താനാകും.കഴിഞ്ഞ ജൂണ്‍ 3നാണ് വിമാനം തകര്‍ന്ന് വീണത്. എട്ട് ദിവസത്തിന് ശേഷം വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തി.

ആസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചലിലെ മെചുക ലാന്‍ഡിങ്ങ് ഗ്രൗണ്ടിലേയ്ക്ക് പറക്കുകയായിരുന്നു റഷ്യല്‍ നിര്‍മ്മിത ഇരട്ട എഞ്ചിനുള്ള എഎന്‍ 32 ചരക്ക് വിമാനം.

ചൈന അതിര്‍ത്തിയില്‍ നിന്നും 32 കിലോമീറ്റര്‍ മാത്രം അകലെയാണ് മെചുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here