പാലക്കാട്ട് വന്‍ സ്വര്‍ണ്ണവേട്ട; രണ്ടു പേര്‍ അറസ്റ്റില്‍

പാലക്കാട്ട് വന്‍ സ്വര്‍ണ്ണവേട്ട. ദ്രവരൂപത്തില്‍ വിദേശത്ത് നിന്നെത്തിച്ച ഒരു കിലോ ഇരുന്നൂറ് ഗ്രാം സ്വര്‍ണ്ണമാണ് എക്‌സൈസ് സംഘം പിടികൂടിയത്. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ദേശീയ പാതയില്‍ കുരുടിക്കാട് വെച്ച് വാഹനപരിശോധനക്കിടെ എക്‌സൈസ് ഇന്റലിജന്‍സ് സംഘമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ പിടികൂടിയത്. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്.

അടിവസ്ത്രത്തിലുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. ഷാര്‍ജയില്‍ നിന്നാണ് മുപ്പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമെത്തിച്ചത്. അബ്ദുള്‍ ജസീര്‍ ഷാര്‍ജയില്‍ നിന്ന് തിരിച്ചിറപ്പള്ളി വിമാനത്താവളത്തില്‍ സ്വര്‍ണ്ണവുമായെത്തുകയായിരുന്നു. കാറുമായി അജിനാസ് വിമാനത്താവളത്തിലെത്തി.

സ്വര്‍ണ്ണം കോഴിക്കോട്ടേക്ക് കടത്താനായിരുന്നു ശ്രമം. പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ നിരന്തരം ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി വ്യക്തമായി. പതിവായി സ്വര്‍ണ്ണം കടത്തുന്ന സംഘത്തിലുള്‍പ്പെട്ടവരാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണ്ണം കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News