നാസിക്കിലെ കൊലപാതകം; സാജുവിന്റെ മൃതദേഹം ഇന്ന് നെരൂളിലെ വസതിയിലെത്തിക്കും; സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ നടന്ന കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ വെടി വച്ച് കൊന്ന മുംബൈ മലയാളിയായ സാജു സാമുവലിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ നെരൂളിലെ വസതിയിലെത്തും.

നാസിക്കില്‍ നിന്നും രാത്രി തന്നെ പുറപ്പെടുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സാജുവിന്റെ കുടുംബത്തോട് മരണവിവരം ഇനിയും അറിയിച്ചിട്ടില്ലെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

ഇന്ന് തന്നെ ജന്മനാടായ മാവേലിക്കരയിലേക്ക് കൊണ്ട് പോകും.

ഇന്നലെ രാവിലെയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ നാസിക്ക് ബ്രാഞ്ചില്‍ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

രാവിലെ 11 മണിക്ക് തോക്കുധാരികളായ ഒരു സംഘം മുത്തൂറ്റ് ഓഫീസിലേക്ക് അതിക്രമിച്ചു കടക്കുകയും ചെറുത്ത് നില്‍ക്കുവാന്‍ ശ്രമിച്ചവര്‍ക്ക് നേരെ നിറയൊഴിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

മലയാളിയായ മാനേജര്‍ സാജു സാമുവല്‍ സംഭവ സ്ഥലത്തു തന്നെ വെടിയേറ്റ് മരിച്ചു.

മുഖംമൂടി ധരിച്ച സംഘമാണ് കവര്‍ച്ച നടത്തിയത്. വെടി വയ്പ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ മലയാളി ഉദ്യോഗസ്ഥനായ കൈലാഷ് ജയനെയും രണ്ടു മഹാരാഷ്ട്രിയരെയും അടുത്തുള്ള സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

കൈലാഷിന്റെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് സഹ്യാദ്രി ഹോസ്പിറ്റലിലേക്ക് പിന്നീട് മാറ്റി.

സംഭവത്തില്‍ രണ്ടു പ്രതികളെ നാസിക്കിലെ പദ്മ ഹോട്ടല്‍ പരിസരത്തു നിന്ന് അറസ്റ്റിലായെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here