ബാലഭാസ്‌കര്‍ മരണം: അപകടം നടന്ന സ്ഥലവും വാഹനവും ക്രൈംബ്രാഞ്ച് – ഫോറന്‍സിക് സംഘം പരിശോധിച്ചു

ബാലഭാസ്‌കറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് – ഫോറന്‍സിക് സംഘം അപകടം നടന്ന സ്ഥലവും വാഹനവും പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി വാഹനം പൊളിച്ച് വിശദമായ പരിശോധനടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.

അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെ വാഹനം മൂന്നര മണിക്കൂറോളമാണ് അന്വേഷണസംഘം പരിശോധിച്ചത്. വാഹനത്തില്‍ നിന്നും രക്തത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. ഒപ്പം വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവരുടെത് എന്ന് കരുതുന്ന മുടി, വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയുടെ സാമ്പിളുകളും ഫോറന്‍സിക് സംഘം ശേഖരിച്ചു.

എന്നാല്‍ അപകടത്തില്‍പ്പെട്ട വാഹനം ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതിനാല്‍ വെയിലത്തും മഴയത്തും കിടന്ന് തെളിവുകള്‍ പലതും പൂര്‍ണ്ണമായ രീതിയില്‍ കിട്ടാത്ത അവസ്ഥയാണ്. വിവാദമായ കേസായതിനാല്‍ ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിക്കുമെന്നും അതിന്റെ ഭാഗമായി ബുധനാഴ്ച വാഹനം പൊളിച്ചു വിശദമായ പരിശോധനടത്തുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. കെ.ഹരികൃഷ്ണന്‍ പറഞ്ഞു

ഡി എന്‍ എ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ശ്രീവിദ്യ, ഉണ്ണികൃഷ്ണന്‍ , സയന്റിഫിക് ഓഫീസര്‍ സിന്ദുമോള്‍ എന്നിവരടങ്ങുന്ന ഫോറന്‍സിക് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണനും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News