കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ മാണിയെ ചെയര്‍മാനാക്കി സമാന്തര യോഗം

കോട്ടയം: ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന സമാന്തര യോഗത്തിലാണ് തീരുമാനം.

437 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 325 പേര്‍ യോഗത്തില്‍ പങ്കെടുത്തെന്ന് ജോസ് കെ. മാണി വിഭാഗം അവകാശപ്പെട്ടു.


ഭൂരിപക്ഷ സംസ്ഥാന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. 8 ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് യോഗത്തില്‍ പങ്കെടുത്തില്ല.

മുതിര്‍ന്ന നേതാവ് ഇജെ അഗസ്റ്റിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദേശിച്ചത്. നിര്‍ദേശത്തെ സമിതി ഒന്നാകെ പിന്താങ്ങുകയായിരുന്നു.

മുന്നോട്ടുള്ള യാത്രയില്‍ മാണി സാര്‍ ഒപ്പമുണ്ടെന്ന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തില്‍ ജോസ് കെ മാണി പറഞ്ഞു. മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.

അതേസമയം, ജോസ് കെ മാണി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നവര്‍ സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്ന അവസ്ഥയാണ് വിളിച്ചു വരുത്തുന്നതെന്ന് പിജെ ജോസഫ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here