കറന്‍സി ചെസ്റ്റുകള്‍ അടച്ചു പൂട്ടുന്നു; കറൻസി ക്ഷാമം വരും; കറൻസി വിതരണവും സ്വകാര്യ മേഖലയിലേയ്ക്കെന്ന് ആശങ്ക

കറന്‍സി ചെസ്റ്റുകള്‍ അടച്ച് പൂട്ടുന്നതിനുള്ള നീക്കത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്തിരിയണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.രാജ്യവ്യാപകമായി ചെസ്റ്റുകള്‍ അടച്ചു പൂട്ടുന്നതിനാണ് റിസര്‍വ്വ് ബാങ്ക് തീരുമാനമെടുത്തിരിക്കുന്നത്.

 പുറത്ത് വന്ന പത്രറിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ മാത്രം 77 കറന്‍സി ചെസ്റ്റുകള്‍ അടച്ച് പൂട്ടാനുള്ള നീക്കമാണ് ആരംഭിച്ചിച്ചിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് ഇതുവരെയായും നിഷേധിച്ചിട്ടില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമനുസരിച്ച് ചെസ്റ്റുകള്‍ അടച്ച് പൂട്ടാനുള്ള പ്രാഥമിക നീക്കങ്ങള്‍ വാണിജ്യ ബാങ്കുകള്‍ തുടങ്ങിയെന്നും ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 

കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെയും ശേഖരണവും വിതരണവും ഏകോപിപ്പിക്കുന്ന കറന്‍സി ചെസ്റ്റുകളുടെ എണ്ണം കൃത്രിമമായി കുറയ്ക്കുന്നത് വിതരണത്തിലുള്ള നോട്ടുകളുടെ ഗുണനിലവാരം കുറയ്ക്കും എന്നതും കറന്‍സി ക്ഷാമത്തിന് ഇടയാക്കും എന്നതും വ്യക്തമാണ്. മുഷിഞ്ഞ നോട്ടുകള്‍ വിതരണത്തില്‍ നിന്ന് പിന്‍വലിക്കുന്നതിനെയും ഇത് ദോഷകരമായി ബാധിക്കും. 

പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് ഏറ്റവുമധികം ചെസ്റ്റുകള്‍ ഇല്ലാതാകുന്നത്. അവരുടെ പകുതിയോളം ചെസ്റ്റുകള്‍ കേരളത്തില്‍ അടച്ച് പൂട്ടപ്പെടുകയാണ് എന്നത് ഗൗരവകരമാണ്. എന്നാല്‍ സ്വകാര്യ ബാങ്കുകളുടെ ഒരു കറന്‍സി ചെസ്റ്റും അടച്ചുപൂട്ടല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബാങ്കിംഗ് നയത്തില്‍ കാതലായ മാറ്റങ്ങള്‍ പുതിയ സര്‍ക്കാരിന്റെ നൂറു ദിവസ കര്‍മ്മ പദ്ധതിയില്‍ നടപ്പാക്കുമെന്ന നീതി അയോഗ് വൈസ് ചെയര്‍മാന്‍ പ്രസ്താവന ഇറക്കുകയുണ്ടായി.

 ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള കറന്‍സി ചെസ്റ്റ് പൂട്ടല്‍ വലിയൊരു പദ്ധതിയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എ.ടി.എം മെഷീനുകളില്‍ കറന്‍സി നിക്ഷേപിക്കുന്നത് സ്വകാര്യ ഏജന്‍സികളെ ഏല്‍പിച്ചത് പോലെ കറന്‍സി നോട്ടുകളുടെ വിതരണവും പടിപടിയായി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള ഉന്നതതല ശ്രമമാണോ ഈ നീക്കത്തിനു പിന്നില്‍ എന്നത് റിസര്‍വ് ബാങ്ക് വിശദീകരിക്കേണ്ടതുണ്ട്. 

1934ലെ റിസര്‍വ് ബാങ്ക് ആക്ട് അനുസരിച്ച് കറന്‍സി നോട്ടുകളുടെ അച്ചടിയും വിതരണവും റിസര്‍വ് ബാങ്കിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് നടക്കുന്നത്. അത് റിസര്‍വ് ബാങ്കിന്റെ ചുമതലയുമാണ്. ആ ചുമതല നിര്‍വഹിക്കുന്നതിനും രാജ്യത്ത് അങ്ങോളമിങ്ങോളം ഉള്ള കറന്‍സി ചെസ്റ്റുകളിലും നാണയ ഡിപ്പോകളിലും പുതിയ നോട്ടുകളും നാണയങ്ങളും എത്തിക്കുന്നതിനും പഴയവ പിന്‍വലിക്കുന്നതിനും കഴിവ് തെളിയിച്ച സംവിധാനം നിലനില്‍ക്കുന്നുമുണ്ട്.

 ഡിജിറ്റല്‍ ഇന്ത്യ എന്ന സംവിധാനത്തിലേക്ക് മാറുന്നതിനെപ്പറ്റിയുള്ള സര്‍ക്കാര്‍ വാചകക്കസര്‍ത്തുകള്‍ തുടരുമ്പോഴും റിസര്‍വ് ബാങ്കിന്റെ 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് വിതരണത്തിലുള്ള കറന്‍സി നോട്ടുകള്‍ 37.7% വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ്. ആ നിലയ്ക്ക് നിലവിലുള്ള കറന്‍സി ചെസ്റ്റുകളെ നവീകരിച്ചും ആധുനികവല്‍ക്കരിച്ചും പുതിയതായി കറന്‍സി ചെസ്റ്റുകളും നാണയ ഡിപ്പോകളും തുറന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനം മെച്ചപ്പെടുത്തുന്നതിനു പകരം നിലവിലെ സംവിധാനം തകര്‍ക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയായി കാണേണ്ടതുണ്ട്. 

ഭാവിയില്‍ നോട്ടുകള്‍ക്ക് വേണ്ടി സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷവും സംജാതമാകും. കള്ളനോട്ടുകള്‍ ബാങ്കുകളുടെ ഔദ്യോഗിക സംവിധാനത്തിലൂടെ തന്നെ വിതരണം ചെയ്യപ്പെടുന്ന ഭീതിതമായ സ്ഥിതിവിശേഷവും രൂപം കൊള്ളാനുള്ള സാധ്യതകളും ഏറെയാണ്. റിസര്‍വ് ബാങ്കിലെയും മറ്റ് ബാങ്കുകളിലെയും ജീവനക്കാരുടെ കുറെയേറെ ജോലി ഇല്ലാതാകുന്ന സാഹചര്യവും ആലോചനയില്ലാതെ നടത്തുന്ന ഈ പരിഷ്‌കാരങ്ങള്‍ വഴി ഉണ്ടാകും.

ആയതിനാല്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള കറന്‍സി ചെസ്റ്റ് അടച്ച് പൂട്ടല്‍ നടപടികളില്‍ നിന്ന് പിന്തിരിയുകയും പുതിയതായി കറന്‍സി ചെസ്റ്റുകളും നാണയ ഡിപ്പോകളും തുറന്നും ഉള്ളവ നവീകരിച്ചും ആധുനികവല്‍ക്കരിച്ചും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് റിസര്‍വ്വ് ബാകധികാരികള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

പൊതുമേഖലാ ബാങ്കിങ്ങിനെപ്പോലും ദോഷകരമായി ബാധിക്കുന്ന ഈ നീക്കത്തില്‍ നിന്ന് അധികാരികള്‍ പിന്‍മാറാത്ത പക്ഷം അതിനെ ചെറുത്തു തോല്‍പിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന്  പ്രസിഡന്റ് ടി നരേന്ദ്രന്‍ ജനറല്‍ സെക്രട്ടറി എസ്എസ് അനില്‍  എന്നിവര്‍ അഭ്യര്‍ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News