സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സോമസുന്ദരം ഇന്ന് ഡി ആര്‍ ഐക്ക് മുമ്പാകെ ഹാജരാകും

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സോമസുന്ദരം ഇന്ന് ഡി ആര്‍ ഐക്ക് മുമ്പാകെ ഹാജരാകും.വിഷ്ണുവിനോട് ഇന്ന് കീ‍ഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.അതേ സമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍റില്‍ ക‍ഴിയുന്ന സുനില്‍കുമാറിനെ ക്രൈെബ്രാഞ്ചും ഇന്ന് ചോദ്യം ചെയ്യും.

ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച്  കാക്കനാട് ജയിലിലെത്തി സുനില്‍കുമാറിനെ ചോദ്യം ചെയ്യുന്നത്. ബാലഭാസ്ക്കറിന്‍റെ  മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചും സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആർ.ഐയും ഒരുപോലെ തിരയുന്ന ഒരാളാണ്  വിഷ്ണു സോമസുന്ദരം.

വിമാനത്താവളം ‍വ‍ഴിയുള്ള സ്വർണക്കടത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന  വിഷ്ണുവിനെ ചോദ്യം ചെയ്തെങ്കിലേ ഡി.ആർ.ഐ അന്വേഷണം മുന്നോട്ടുപോവൂ. ബാലുവിന്‍റെ മരണത്തിനു പിന്നിൽ സ്വർണക്കടത്തുകാരുടെ കരങ്ങളുണ്ടോ എന്ന് ഉറപ്പിക്കാൻ ക്രൈംബ്രാഞ്ചിനും വിഷ്ണുവിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.

നിയമബിരുദധാരികൂടിയായ വിഷ്ണു എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ  സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നേരത്തെ തള്ളിയിരുന്നു.ഇതെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.വിഷ്ണുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഡി ആര്‍ ഐ ശക്തമായി എതിര്‍ത്തിരുന്നു.

സ്വര്‍ണ്ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ വിഷ്ണു, പ്രകാശൻ തമ്പി,എം. ബിജു, അബ്ദുൾ ഹക്കീം എന്നിവരോടൊപ്പമാണ് സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് ഡി ആര്‍ ഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.വിഷ്ണുവിന്‍റെ പങ്കാളിത്തം വ്യക്തമാകുന്ന തെളിവ് കിട്ടിയിട്ടുണ്ട്. പലതവണ സമൻസ് അയച്ചിട്ടും വിഷ്ണു ഹാജരായിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഡി ആര്‍ ഐ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

ഇതെ തുടര്‍ന്നാണ് വിഷ്ണുവിനോട് 17 ന് ഡി ആര്‍ ഐക്ക് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.അതേ സമയം ബാലഭാസ്‌ക്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ടു സ്വർണക്കടത്ത് കേസിലെ പ്രതിയായ സുനിൽകുമാറിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

റിമാൻഡിൽ കഴിയുന്ന സുനിൽ കുമാറിനെ കാക്കനാട് ജയിലിലെത്തിയാകും ഡി വൈ എസ് പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള  സംഘം ചോദ്യം ചെയ്യുക.സ്വര്‍ണ്ണക്കടത്ത് കേസും ബാലഭാസ്‌ക്കറിന്‍റെ അപകടമരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുനിൽകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ബാലഭാസ്‌കറിന്‍റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശന്‍ തമ്പിയുടെ ബന്ധുവാണ് സുനിൽകുമാർ. പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News