ലോക്സഭാംഗങ്ങളുടെ സത്യപ്രതിജ്ഞ പാര്‍ലമെന്റില്‍ പുരോഗമിക്കുന്നു

പതിനേഴാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ പാര്‍ലമെന്റില്‍ പുരോഗമിക്കുന്നു. ആദ്യ അംഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയ്ക്ക് പിന്നാലെ പ്രോട്ടെം സ്പീക്കറായി കേരളത്തില്‍ നിന്നും കൊടിക്കുന്നേല്‍ സുരേഷ് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയും മന്ത്രിസഭ അംഗങ്ങളും എംപിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ലോക്സഭയില്‍ നിന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിട്ട് നിന്നു.

രാഷ്ട്രപതി ഭവനില്‍ നടന്ന ഹൃസ്വചടങ്ങില്‍ പ്രോട്ടെം സ്പീക്കറായി മധ്യപ്രദേശില്‍ നിന്നുള്ള എം.പി ഡോ.വിരേന്ദ്രകുമാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ പതിനേഴാം ലോക്സഭയുടെ നടപടി ക്രമങ്ങള്‍ ആരംഭിച്ചു.സഭാ നടപടിയാരഭങ്ങളുടെ ഭാഗമായി ഒരു മിനിറ്റ് മൗനമാചരിച്ച ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ അംഗമായി ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി.

തൊട്ട് പിന്നാലെ പ്രോട്ടെം സ്പീക്കറെ സഹായിക്കുന്ന അംഗങ്ങളില്‍ ആദ്യത്തെയാളായി കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നേല്‍ സുരേഷ് സത്യപ്രതിജ്ഞ ചെയ്തു. ക്യാബിനറ്റ് റാങ്ക് പ്രകാരം രാജ്നാഥ് സിങ്ങ്,അമിത് ഷാ തുടങ്ങി മുഴുവന്‍ മന്ത്രതിസഭ അംഗങ്ങളുടേയും സത്യപ്രതിജ്ഞയ്ക്ക് ശേഷം അക്ഷരമാലാ ക്രമത്തില്‍ സംസ്ഥാങ്ങളില്‍ നിന്നുള്ള എംപിമാരുടെ ഊഴം.

ഒഡീഷയില്‍ നിന്നുള്ള പ്രതാപ് ചന്ദ്ര സാരാഗി,ശിവസേനയില്‍ നിന്നുള്ള അരവിന്ദ് സാവാന്ത് തുടങ്ങി നാല് കേന്ദ്രമന്ത്രിമാര്‍ സംസ്‌കൃതത്തില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ പ്രധാനമന്ത്രിയുടെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് ജമ്മു കാശ്മീരിലെ പ്രദേശിക ഭാഷയായ ദോഗ്റിയാണ് തിരഞ്ഞെടുത്തത്.

സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ പതിമൂന്നാം സ്ഥാനത്തുള്ള കേരളത്തിലെ എം.പിമാരുടെ സത്യപ്രതിജ്ഞ വൈകും. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭാവം സഭയില്‍ പ്രകടമായിരുന്നു. ദില്ലിയില്‍ ഉണ്ടായിരുന്നിട്ടും അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി സത്യപ്രതിജ്ഞയ്ക്കായി പാര്‍ലമെന്റില്‍ എത്തിയില്ല.

പകരം വസതിയില്‍ ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുമായി സഹോദരി പ്രിയങ്ക ഗാന്ധിയുമായി കൂടിയാലോചനയിലായിരുന്നു രാഹുല്‍ഗാന്ധി.സ്മൃതി ഇറാനിയെ സത്യവാചകം ചൊല്ലാന്‍ ക്ഷണിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ സോണിഗാന്ധിയെ നോക്കി ചിരിക്കുന്നതിനും സഭയുടെ ആദ്യദിനം സാക്ഷ്യം വഹിച്ചു.

ബംഗാളില്‍ നിന്നുള്ള എംപിയും ഹിന്ദി ചലച്ചിത്ര പിനണി ഗായകനുമായി ബാബുല്‍ സുപ്രീയെ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം വിളികളോടെയാണ് എതിരേറ്റത്. ജയ് ശ്രീറാം വിളിക്കുന്നവരെ മമതാ ബാനര്‍ജി അറസ്റ്റ് ചെയ്യുന്നതിനെതിരായായിരുന്നു പ്രതിഷേധം.

സഭ നേതാവിനെ തിരഞ്ഞെടുക്കാത്തത് കൊണ്ട് തന്നെ നേതൃത്വമില്ലായ്മയുടെ അഭാവം കോണ്‍ഗ്രസില്‍ പ്രകടമായിരുന്നു.പ്രതിപക്ഷ നേതാവായി കൊടിക്കുന്നേല്‍ സുരേഷിനെയോ, ബംഗാളില്‍ നിന്നുള്ള അധിന്‍ രജ്ഞന്‍ ചൗധരിയോ കോണ്‍ഗ്രസ് നിര്‍ദേശിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here