പ്രളയ നിയന്ത്രണത്തിനായി പുതിയ ഡാമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമായെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

സംസ്ഥാനത്ത് പ്രളയ നിയന്ത്രണത്തിനായി പുതിയ ഡാമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഡാമുകളുടെ നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

സംസ്ഥാനത്ത് പ്രളയ നിയന്ത്രണം ലക്ഷ്യം വച്ച് പുതുതായി ഡാമുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ചാലക്കുടി നദിയിലെ പ്രളയം നിയന്ത്രിക്കുന്നതിന് കാരാപ്പാറ നദിക്ക് കുറുകേ കരിയാര്‍ കുറ്റി- കാരാപ്പാറ ഡാം നിര്‍മ്മിക്കും.

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ വടകരപതി എരുത്തേമ്പതി മുതലായ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഈ ഡാം പ്രയോജനപ്പെടുത്താം. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2019-20 വര്‍ഷത്തില്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും നടപടികള്‍ പുരോഗമിക്കുന്നുവെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

ഇതിനു പുറമെ കബനി ബേസിനില്‍ വിഭാവനം ചെയ്തിട്ടുള്ള കടമാന്‍തോട് ,ചുരണ്ടലിപ്പുഴ, നൂല്‍പ്പുഴ, കല്ലമ്പതി, തിരുനെല്ലി തോണ്ടാര്‍, പെരിങ്ങോട്ട് പുഴ എന്നീ ഡാമുകളും പ്രളയ നിയന്ത്രണത്തിന് സഹായകരമാകുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അട്ടപ്പാടിയില്‍ 34 ശിശു മരണം നടന്നിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ സഭയെ അറിയിച്ചു.

മരണം പോഷകാഹാര കുറവ് കൊണ്ടല്ലന്നും ജന്മനായുള്ള അസുഖവും മുലയൂട്ടല്‍ നടത്തുമ്പോഴുണ്ടായ ശ്വാസതടസവും കൊണ്ടാ ണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.സംസ്ഥാനത്ത് മനുഷ്യ മൃഗ സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ഷത്തില്‍ ശരാശരി 20 പേര്‍ മരിക്കുന്നുണ്ടെന്ന് വനം മന്ത്രി കെ രാജുവും സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഒരു ലക്ഷത്തിലദികം പേര്‍ക്ക് ജോലി നല്‍കിയെന്നും ഇരുപതിനായിരം പുതിയ തസ്തിക സൃഷ്ടിച്ചെന്നും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനും സഭയില്‍ രേഖാമൂലം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News