തിരുവനന്തപുരം സ്വര്‍ണക്കടത്ത്; വിഷ്ണു സോമസുന്ദരം അറസ്റ്റില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡി ആര്‍ ഐയ്ക്ക് മുന്നില്‍ കീഴടങ്ങിയ വിഷ്ണു സോമസുന്ദരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചി ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങിയ വിഷ്ണുവിനെ പത്തു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് ചെയ്തത്.

ഡി ആര്‍ ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സോമസുന്ദരം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു കീഴടങ്ങിയത്.

രാവിലെ പത്തേകാലോടെ ആണ് വിഷ്ണു സോമസുന്ദരം കൊച്ചിയിലെ ഡിആര്‍ഐ ആസ്ഥാനത്തെത്തി കീഴടങ്ങിയത്.

ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചും സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്‍.ഐയും ഒരുപോലെ തിരയുന്ന ഒരാളായിരുന്നു വിഷ്ണു സോമസുന്ദരം.

സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ വിഷ്ണു, പ്രകാശന്‍ തമ്പി,എം. ബിജു, അബ്ദുള്‍ ഹക്കീം എന്നിവരോടൊപ്പമാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ഡി ആര്‍ ഐ നേരത്തെ കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ വിഷ്ണുവിന്റെ പങ്കാളിത്തം വ്യക്തമാകുന്ന തെളിവും ഡി ആര്‍ ഐ യ്ക്ക് ലഭിച്ചിരുന്നു.

ഇക്കാര്യം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഡി ആര്‍ ഐ വ്യക്തമാക്കിയിരുന്നു.

വിഷ്ണുവിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമുള്ള ഡി ആര്‍ ഐ യുടെ വാദം അംഗീകരിച്ച ഹൈകോടതി നിയമബിരുദ ധാരികൂടിയായ വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

അതേ സമയം ബാലഭാസ്‌ക്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സുനില്‍ കുമാര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

ബാലഭാസ്‌ക്കറിന്റെ പഴയ കാര്‍ വില്ക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രകാശന്‍ തമ്പി ബാലഭാസ്‌ക്കക്കറിനെ പരിചയപ്പെടുത്തിയതെന്നും സുനില്‍കുമാര്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ബാലഭാസക്കറിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ ആശുപത്രിയില്‍ പോയിരുന്നതായും പ്രകാശന്‍ തമ്പി വഴിയാണ് ബാലഭാസ്‌ക്കറിനെ പരിചയപ്പെട്ടതെന്നും ഇയാള്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here