പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥ വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി

പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരെയും സംരക്ഷിക്കില്ല. രാഷ്ട്രീയ വിവേചനം സാജനെതിരെ ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ.സി മൊയ്തീനും വ്യക്തമാക്കി.

സാജന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ പാറയില്‍ സാജന്‍ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ ദൗര്‍ഭാഗ്യകരമാണ്.

പല കാര്യങ്ങളിലും പ്രതികൂല നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ എല്ലാ കാലത്തുമുണ്ട്.

സാജന്റെ മരണത്തില്‍ അത്തരത്തില്‍ ഒരു വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സാജന്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിനും കല്യാണ മണ്ഡപത്തിനും നമ്പരും മറ്റ് രേഖയും നല്‍കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ നഗരകാര്യ റീജ്യണല്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചീഫ് ടൗണ്‍ പ്‌ളാനിംഗ് വിജിലന്‍സും അന്വേഷണം നടത്തുന്നതായി മന്ത്രി എ.സി മൊയ്തീന്‍ സഭയെ അറിയിച്ചു.

സാജനെ കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്നും സാജന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News