കാര്‍ഷിക വായ്പയ്ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് അനുമതി നിഷേധിച്ച ആര്‍ബിഐ നടപടിക്കെതിരെ സര്‍ക്കാരും പ്രതിപക്ഷവും

കാര്‍ഷിക വായ്പയ്ക്ക് ഡിസംബര്‍ വരെ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് അനുമതി നിഷേധിച്ച റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സര്‍ക്കാരും പ്രതിപക്ഷവും. ഈ മാസം 25ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ചേരും.


സംസ്ഥാനത്ത് കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31വരെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനാണ് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുയരുന്നത്. ആര്‍ബിഐയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു.

ആര്‍ബിഐ ഗവര്‍ണറെ പല തവണ കാണാന്‍ ശ്രമിച്ചു. എന്നാല്‍ അനുമതി ലഭിച്ചില്ല. നിലവിലെ ആര്‍ബിഐ നിലപാടിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ആര്‍ബിഐ ഗവര്‍ണറെ കണ്ട് സംസ്ഥാനത്തിന്റെ സ്ഥിതിയും ആശങ്കയും അറിയിക്കുമെന്നും വി.എസ് സുനില്‍കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി.

കര്‍ഷകര്‍ക്കെതിരെ ജപ്തിയടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകളുടെ നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ല. കൃഷിക്കാര്‍ക്ക് വായ്പ നല്‍കേണ്ടത് ബാങ്കുകളുടെ ഔദാര്യമല്ല. അത് അവരുടെ അവകാശമാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

ആര്‍ബിഐയുടെ നടപടി കര്‍ഷകര്‍ക്ക് ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നടപടികളുമായി സഹകരിക്കുമെന്ന് ചെന്നിത്തല സഭയില്‍ അറിയിച്ചു.

ഈ മാസം 25ന് ചേരുന്ന സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിലൂടെ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ കൈകൊള്ളാനുള്ള നടപടികളിലെയ്ക്കാണ് സര്‍ക്കാര്‍ കടക്കുന്നത്. ഒപ്പം ആര്‍ബിഐയില്‍ നിന്നും അനുകൂല മറുപടി ലഭിക്കുമെന്ന പ്രതീക്ഷയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News