തെരഞ്ഞെടുപ്പു ഫണ്ട് മോഷണം; പരാതിയില്‍ നിന്ന് ഉണ്ണിത്താന്‍ പിന്‍മാറുന്നു; സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ അന്വേഷണം തുടരുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫണ്ടില്‍നിന്ന് എട്ടുലക്ഷം രൂപ മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കവെ പരാതി ഉന്നയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പിന്മാറുന്നു.

അന്വേഷണം നേരിടുന്നതിലും മൊഴി നല്‍കുന്നതിലും ഉണ്ണിത്താന്‍ കാട്ടുന്ന വിമുഖതയില്‍ ദുരൂഹതയുള്ളതായി ആരോപണമുയര്‍ന്നു.
ആരോപണവിധേയനായ കോണ്‍ഗ്രസ് കുണ്ടറ ബ്ലോക്ക് മുന്‍ ജനറല്‍ സെക്രട്ടറി പൃഥ്വിരാജില്‍നിന്ന് കാസര്‍കോട് മേല്‍പ്പറമ്പ് പൊലീസ് രണ്ടാഴ്ച മുമ്പാണ് മൊഴിയെടുത്തത്.

നുണപരിശോധന ഉള്‍പ്പെടെ ഏത് അന്വേഷണവും നേരിടാമെന്ന് പൃഥ്വിരാജ് മൊഴി നല്‍കി. എന്നാല്‍, മൊഴി നല്‍കാന്‍ എത്തുമെന്ന് അറിയിച്ച ഉണ്ണിത്താന്‍ നിലപാട് മാറ്റിയതായാണ് സൂചന.


ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ചെലവിനായി വാങ്ങിയ അഞ്ചുലക്ഷം രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജ് കൊല്ലം റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയിലും അന്വേഷണം ആരംഭിച്ചു.പണം അപഹരിച്ചെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്കാണ് ഉണ്ണിത്താന്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കാസര്‍കോട് മേല്‍പ്പറമ്പിലെ വാടകവീട്ടിലാണ് ഉണ്ണിത്താന്‍ താമസിച്ചത്.

കൊല്ലത്തd നിന്നെത്തിയ സഹായികളാണ് ഫണ്ട് കൈകാര്യം ചെയ്തിരുന്നത്. ചെലവഴിച്ച ഫണ്ടിന്റെ കണക്ക് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. ഉണ്ണിത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ പൃഥ്വിരാജിനെ ബ്ലോക്ക് ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, ഉണ്ണിത്താനും സഹായികളും ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമെതിരെ നടപടി ആവശ്യപ്പെട്ട് പൃഥ്വിരാജിന്റെ ഭാര്യ കുണ്ടറ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗതിയിലാണ്. പരാതിക്കാരി പൊലീസിന് മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News