കെട്ടിചമച്ച കേസും രേഖകളും; മോദിക്കെതിരെ സംസാരിച്ചതോടെ സര്‍ക്കാരും കൈവിട്ടു; സഹായം തേടി സഞ്ജീവ് ഭട്ടിന്റെ ഭാര്യ

ജാംനഗര്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നീതി ലഭ്യമാക്കാന്‍ പിന്തുണ തേടി ഭാര്യ ശ്വേതാ ഭട്ടിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ജൂണ്‍ 20, 21 തീയതികളിലായി രണ്ട് കുറിപ്പുകളാണ് ശ്വേത, സഞ്ജീവ് ഭട്ടിന്‍റെ ഫേസ്ബുക്ക് പേജില്‍നിന്ന് ഷെയര്‍ ചെയ്തത്. ഉത്തരവാദിത്വത്തോടെയും നീതിബോധത്തോടെയും ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്ഥനായിരുന്നു സഞ്‌ജീവ്‌ ഭട്ട്‌. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു മനുഷ്യന്‍റെ നീതിക്കായി അന്ത്യശ്വാസം വരെ ഞങ്ങള്‍ പോരാടുമെന്ന് ശ്വേത എഴുതി.

പക്ഷേ ഒരു കാര്യം ഇപ്പോഴും അവശേഷിക്കുകയാണ്. തെറ്റുചെയ്യാതെ ഈ മനുഷ്യന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ ഒറ്റക്കാകുമോ അതോ ഈ സ്വതന്ത്ര ജനാധിപത്യ രാജ്യത്തിലെ ജനം അവര്‍ക്കു വേണ്ടി പോരാടിയ മനുഷ്യന്‍റെ നീതിക്കുവേണ്ടി കൂടെ നില്‍ക്കുമോ എന്നതാണത്. നിങ്ങളുടെ പിന്തുണ എപ്പോഴും പ്രചോദനമാണ്. എന്നാല്‍, പ്രവൃത്തിയില്ലാത്ത പിന്തുണ വ്യര്‍ഥവുമാണ്. രാജ്യത്തെയും ജനത്തെയും സത്യസന്ധമായി സേവിച്ച ഒരു മനുഷ്യനെ നീതിയുടെ അസംബന്ധ നാടകത്തിന് വിട്ടു നല്‍കിയാല്‍ നിങ്ങളുടെ പിന്തുണക്ക് അര്‍ത്ഥമില്ലാതാകും- ശ്വേത വ്യക്തമാക്കി. കേസിെ്ന സംബന്ധിച്ച വസ്‌തുതകളും ശ്വേത അക്കമിട്ട്‌ പറയുന്നുണ്ട്‌.

1990 ഒക്‌ടോബർ 30 ന്‌ നടന്നുവെന്ന്‌ പറയുന്ന കസ്‌റ്റഡി മരണത്തിന്റെ കേസിൽ സഞ്‌ജീവ്‌ ഭട്ടിനേയും പ്രവീൺസിങ്‌ ജാലയേയും ജാംനഗർ കോടതി കൊലക്കുറ്റത്തിന്‌ ജീവപര്യന്തം ശിക്ഷിച്ചു. ഈ കേസ്‌ തന്നെ വ്യാജമായ ഒന്നാണ്‌. മരണപ്പെട്ട പ്രഭുദാസ്‌ വൈഷാണി കസ്‌റ്റഡിയിൽ നിന്ന്‌ വിട്ട്‌ ഒരുപാട്‌ നാളുകൾക്ക്‌ ശേഷമാണ്‌ രോഗബാധിതനാകുന്നത്‌. പൊലീസ്‌ കസ്‌റ്റഡിയിൽ യാതൊരു മോശം പെരുമാറ്റവും നേരിട്ടതായി അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല.

പ്രഭുദാസിന്റെ ആശുപത്രി രേഖകളിലോ, പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലോ ഏതെങ്കിലും തരത്തിൽ മർദ്ദനമേറ്റതായി പറയുന്നില്ല. ബാഹ്യമായോ ആന്തരികമായോ പരിക്കുകളുമില്ല. രോഗബാധിതനായി മരണപ്പെട്ട ഒരാളെ കസ്‌റ്റഡി മരണത്തിനിരയായതായി ചിലർ വരുത്തിത്തീർക്കുകയായിരുന്നു. തെറ്റിനെ ചോദ്യം ചെയ്യാൻ ഭയക്കാത്ത ഉദ്യോഗസ്ഥനോടുള്ള നടപടിയായിരുന്നു അത്‌.

കേസ‌് കെട്ടിച്ചമച്ചതാണ‌് എന്ന‌് വെളിവാക്കുന്ന  രേഖകളും അവർ പുറത്തുവിട്ടു. 2002ലെ വർഗീയകലാപത്തെ പ്രോത്സാഹിപ്പിക്കാൻ നരേന്ദ്ര മോഡി ആവശ്യപ്പെട്ടെന്ന് സഞ്ജീവ് ഭട്ട് കുറ്റപ്പെടുത്തിയ നാള്‍വരെ ഗുജറാത്ത് സര്‍ക്കാർ കസ‌്റ്റഡിമരണ കേസിൽ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

മരിച്ച പ്രഭുദാസിന‌്  ആന്തരികമായോ ബാഹ്യമായോ ഒരു ക്ഷതമോ പരിക്കോ ഏറ്റിട്ടില്ലെന്ന‌ും  ശാരീരികമായോ മാനസികമായോ തളർന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ലെന്നും മൃതദേഹപരിശോധന നടത്തിയ ഫോറൻസിക‌് വിദഗ‌്ധർ രേഖപ്പെടുത്തിയിട്ടുണ്ട‌്. ഇതൊരു സ്വാഭാവിക മരണമാണെന്ന‌് അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ശ്വേത പറയുന്നു.

എൽ കെ അദ്വാനിയുടെ രഥയാത്ര ബിഹാറിൽ തടഞ്ഞതുമായി ബന്ധപ്പെട്ട ഭാരത‌്ബന്ദിനിടെ നടന്ന കലാപത്തിലാണ‌് കേസിനാസ‌്പദമായ സംഭവം. അക്കാലത്ത‌് ജാംനഗറിൽ അഡീഷണൽ പൊലീസ‌് സൂപ്രണ്ടായിരുന്നു സഞ്ജീവ‌് ഭട്ട‌്.  ഉദ്യോഗസ്ഥർ അവധിയിലായതിനാൽ ഭട്ടിന‌് ജംജോദ‌്പൂരിന്റെ അധിക ചുമതല ഉണ്ടായിരുന്നു. ജംജോദ‌്പൂരിലെ സർക്കിൾ ഇൻസ‌്പെക്ടറാണ‌് കൊല്ലപ്പെട്ട പ്രഭുദാസ‌് വൈഷ‌്ണാനി ഉൾപ്പെടെ നൂറിലേറെപ്പേരെ കസ‌്റ്റഡിയിലെടുത്തത‌്.

ഒരിക്കൽപ്പോലും അവർ  ഭട്ടിന്റെ കസ‌്റ്റഡിയിൽ ഉണ്ടായിരുന്നില്ല.  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ പോലും പ്രഭുദാസ‌് കസ‌്റ്റഡയിൽ പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരൻ വിശ്വഹിന്ദു പരിഷത്തിന്റെ സജീവ പ്രവർത്തകനായ അമൃത‌്‌ലാൽ ആണ‌് തെളിവുകളൊന്നുമില്ലാതെ പരാതി ഉന്നയിച്ചത‌്.

ഐപിഎസ് അസോസിയേഷനെയും ശ്വേത രൂക്ഷമായി വിമര്‍ശിച്ചു. ഒരു യഥാര്‍ത്ഥ ഐപിഎസുകാരനായി നിലകൊണ്ടതില്‍ അദ്ദേഹത്തിനെതിരെ പ്രതികാര നടപടി സ്വീകരിച്ചു. നിങ്ങള്‍ അയാളുടെ കൂടെ നില്‍ക്കുകയോ ആ മനുഷ്യനെ(സ‍ഞ്ജീവ് ഭട്ടിനെ) സംരക്ഷിക്കുകയോ ചെയ്തില്ല. പ്രതികാരം ചെയ്യുന്ന സര്‍ക്കാറിനെതിരെ അദ്ദേഹത്തിന്‍റെ പോരാട്ടം ഒറ്റക്കായിരുന്നു. ഒരു രാജ്യമെന്ന നിലയില്‍ ഇരുണ്ടകാലത്തിലൂടെ നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കാര്യമറിയാതെ അഭിപ്രായം പറയുന്നവര്‍ക്കായി കേസിന്‍റെ എല്ലാ വിവരങ്ങളും ഞാന്‍ നല്‍കുന്നു. അര്‍പ്പണ ബോധത്തോടെയും നീതിയോടെയും ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെ ശിക്ഷിച്ചതിലൂടെ നീതി തോറ്റത് എങ്ങനെയാണെന്ന് ഈ വിവരങ്ങളിലൂടെ നിങ്ങളുടെ കണ്ണുതുറപ്പിക്കുമെന്ന് എനിക്കുറപ്പാണ്.

സ‍ഞ്ജീവ് ഭട്ടിനെ ശിക്ഷിക്കാന്‍ കാരണമായ 1990ല്‍ നടന്ന കസ്റ്റഡി മരണം പൊലീസ് മര്‍ദനം മൂലമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കേസിന്‍റെയും സംഭവത്തിന്‍റെയും മുഴുവന്‍ വിവരങ്ങളും ശ്വേതാ ഭട്ട് പങ്കുവച്ചിട്ടുണ്ട്. ശ്വേതയുടെ ഫേസ്ബുക്കിന് കമന്‍റായി മലയാളികളടക്കമുള്ളവര്‍ നിയമപോരാട്ടത്തിന് സാമ്പത്തിക സഹായം വാദ്ഗാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. 29 വര്‍ഷം മുമ്പ് ജാംനഗര്‍ അഡീഷണല്‍ എസ്പിയായിരിക്കെ നടന്ന കസ്റ്റഡി മരണത്തിനാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പിന്നീട് 2011ല്‍ അനുവാദമില്ലാതെ അവധിയെടുത്തെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്നും ആരോപിച്ച് സഞ്ജീവ് ഭട്ടിനെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് 2015ല്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പുറത്താക്കി. സര്‍വീസില്‍നിന്ന് ഒഴിവാക്കിയ ശേഷവും മോദിക്കും ബിജെപിക്കുമെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

ഉത്തരവാദിത്വപ്പെട്ടവരുടെ നിരുത്തരവാദിത്വം മൂലമോ അല്ലെങ്കിൽ എല്ലാം അറിയാവുന്നവരുടെ നിസഹകരണം കാരണമോ, നീതിയുടെ ശബ്ദം, അത് ആവശ്യമുണ്ടായിരുന്ന സമയത്തു പോലും ഉപയോഗിക്കാനാവാതെ വന്നു  അത്  പിന്നീട് തിന്മയുടെ ജയത്തിനാണ്  വഴിവെച്ചത് ‐ ഹെയ്‌ലി സലാസിയുടെ വരികളും ശ്വേത ക്വോട്ട്‌ ചെയ്‌തിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here