പൊതുവിദ്യാലയങ്ങളോടുള്ള കാഴ്ചപ്പാടില്‍ വിപ്ലവകരമായ മാറ്റം: ഗതാഗതമന്ത്രി

പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപാടില്‍ മാറ്റം ഉണ്ടായെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് വിപുല സാധ്യതകളുണ്ടായി, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേത് മികച്ച മാതൃകയാണ്, എന്ത് പ്രയാസം സഹിച്ചും കുട്ടികളെ വിദ്യാഭ്യാസ തലത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളിലും പഠന നിലവാരത്തിലും അപൂര്‍വമായ നേട്ടം കൈവരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കക്കോടി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ചോയിക്കുട്ടി അധ്യക്ഷനായി.

പഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ്.ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ.പ്ലസ് നേടിയവര്‍, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ വിജയം നേടിയവര്‍, കലാ കായിക പ്രതിഭകള്‍, പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നും വിരമിച്ച പ്രധാന അധ്യാപകര്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. കക്കോടി ഗ്രാമപഞ്ചായത്തില്‍ നൂറു ശതമാനം നികുതി പിരിവ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാഹിദ അബ്ദുറഹ്മാന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ബാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജില, എസ്.എസ്.എ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓഫീസര്‍ വിശ്വനാഥന്‍ പി, ചേളന്നൂര്‍ ബിആര്‍സി ട്രെയിനര്‍ പി ഗിരീഷ്, രാജേന്ദ്രന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, എന്‍ കെ നാരായണന്‍, പി ഹസ്സന്‍, സുധീര്‍ മലയില്‍, വളപ്പില്‍ ജാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മേലാല്‍ മോഹനന്‍ സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News