കേരളം വാഗ്ദാനം ചെയ്ത കുടിവെള്ളം തമിഴ്‌നാട് നിരസിച്ചു; പ്രക്ഷോഭം നടത്തുമെന്ന് കര്‍ഷക നേതാവ്

കേരളം ട്രെയിൻ മാർഗം എത്തിച്ചു നൽകാമെന്ന‌് വാഗ്ദാനം ചെയ‌്ത കുടിവെള്ളം തമിഴ‌്നാട‌് സർക്കാർ നിരസിച്ചാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന‌് കർഷക നേതാവ‌് പി അയ്യാക്കണ്ണ‌് പറഞ്ഞു. ജനങ്ങൾ കുടിവെള്ളം കിട്ടാതെ നെട്ടോട്ടം ഓടുമ്പോൾ കേരളത്തിന്റെ വാഗ‌്ദാനം നിരസിക്കരുതെന്ന‌് തമിഴ‌്നാട‌് സർക്കാരിനോട‌് ആവശ്യപ്പെട്ടെന്ന‌് അയ്യാക്കണ്ണ‌് ‘ദേശാഭിമാനി’യോട‌് പറഞ്ഞു. ബുധനാഴ‌്ചയ‌്ക്കുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നും സർക്കാരിനെ അറിയിച്ചു.

ഡൽഹിയിൽ അഖിലേന്ത്യാ കിസാൻ സംഘർഷ‌് കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തകസമിതിയിൽ പങ്കെടുക്കാൻ എത്തിയതാണ‌് അയ്യാക്കണ്ണ‌്. 
തമിഴ‌്നാട്ടിൽ വെള്ളം കിട്ടാനില്ലാതെ സ‌്കൂളുകളും ഹോട്ടലുകളും ഹോസ‌്റ്റലുകളും അടച്ചുപൂട്ടി. വൻകിട ഐടി കമ്പനികൾ ജീവനക്കാരോട‌് വീട്ടിൽ ഇരുന്ന‌് ജോലി ചെയ്യാൻ നിർദേശിച്ചു. ആറ‌് മാസത്തിനുശേഷമാണ‌് വെള്ളിയാഴ‌്ച ചെന്നെയിൽ മഴപെ‌യ‌്തത‌്. മഴകിട്ടാതെ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത‌് കർഷകരാണ‌്. 
കുടിവെള്ളംപോലും ഇല്ലാത്ത സാഹചര്യത്തിൽ കൃഷിപ്പണിയും നിലച്ചു. ഈ അവസ്ഥയിൽ കേരളം വാഗ‌്ദാനം ചെയ‌്ത വെള്ളം ഉടൻ ലഭ്യമാക്കാൻ തമിഴ‌്നാട‌് സർക്കാർ നടപടിയെടുക്കണമെന്ന‌് അയ്യാക്കണ്ണ‌് പറഞ്ഞു.

ട്രെയിൻമാർഗം 20 ലക്ഷം ലിറ്റർ കുടിവെള്ളം ലഭ്യമാക്കാമെന്ന‌് കേരള സർക്കാർ അറിയിച്ചെങ്കിലും തൽക്കാലം ആവശ്യമില്ലെന്ന നിലപാടാണ‌് തമിഴ‌്നാട‌്  സ്വീകരിച്ചത‌്. തമിഴ‌്നാട‌് സർക്കാരിന്റെ നിലപാട‌ിനെ വിമർശിച്ച‌് പ്രതിപക്ഷ നേതാവും ഡിഎംകെ പ്രസിഡന്റുമായ എം കെ സ‌്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കേരളത്തിന‌് സ‌്റ്റാലിൻ നന്ദിയും അറിയിച്ചു.

പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന‌് കേരളത്തിന്റെ വാഗ‌്ദാനം സ്വീകരിക്കാൻ തീരുമാനിച്ചു. പിണറായി വിജയനെ പളനിസ്വാമി നന്ദിയും അറിയിച്ചു. തുടർന്ന‌് എല്ലാ ദിവസവും 20 ലക്ഷം ലിറ്റർ വെള്ളം നൽകാൻ കേരളത്തിന‌് സാധിക്കുമോ എന്നും അഭ്യർഥനയും പളനിസ്വാമി മുന്നോട്ടുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here